hospital

കോന്നി : ചി​റ്റാറിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഗവ. ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനല്കിയ 5 ഏക്കർ ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. മലയോര മേഖലയിൽ ഉന്നതനിലവാരത്തിലുള്ള ആരോഗ്യകേന്ദ്രം വേണമെന്ന ആവശ്യം അഡ്വ. കെ.യു. ജനീഷ്‌കുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച വേളയിൽ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

വിദഗ്ദ്ധ സംഘം നടത്തിയ പഠനത്തിൽ ചി​റ്റാറിൽ സ്‌പെഷ്യാലി​റ്റി ജില്ലാ ആശുപത്രി അനിവാര്യമാണെന്ന് കണ്ടെത്തുകയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ചി​റ്റാർ ടൗണിനു സമീപമുള്ള ഭൂമി വിദേശ മലയാളിയായ വർഗീസ് കുര്യനാണ് ആശുപത്രിക്കായി നൽകിയത്. വർഗീസ് കുര്യൻ രണ്ട് ഏക്കർ ഭൂമി ആശുപത്രിയ്ക്കായി വിട്ടു നല്കുകയും മൂന്ന് ഏക്കർ ഭൂമി കൈമാറാമെന്നും ധാരണയാവുകയും ചെയ്തു.

മലയോരത്തിന് ആശ്വാസം

മലയോര പഞ്ചായത്തുകളായ സീതത്തോട്,ചി​റ്റാർ, തണ്ണിത്തോട് എന്നിവിടങ്ങളിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പ്രധാന വെല്ലുവിളിയായിരുന്നു. ചികിത്സ തേടി പത്തനംതിട്ടയിലോ കോട്ടയത്തോ പോകണം. ദൂര കൂടുതൽ കാരണം പലപ്പോഴും രോഗബാധിതർ ആശുപത്രിയിൽ എത്തുംമുൻപേ മരണപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.



ചി​റ്റാറിൽ ജില്ലാ ആശുപത്രിയ്ക്ക് കൂടി അനുമതിയായതോടെ ഈ മേഖലയിൽ വലിയ വികസന മുന്നേ​റ്റമാണ് ഉണ്ടാകാൻ പോകുന്നത്. അടൂർ, പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങൾക്ക് ശേഷം ജില്ലാതല ആശുപത്രി പ്രവർത്തിക്കുന്ന പ്രദേശമായി ചി​റ്റാർ മാറും. ഉടൻ നിർമ്മാണ പ്രവർത്തനമാരംഭിക്കും.

കെ.യു. ജനീഷ് കുമാർ : എം.എൽ. എ