കോന്നി: കോന്നി പൊലീസ് സബ് ഡിവിഷന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പുതിയ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി.

നിലവിൽ കോന്നി മൂന്ന് ഡിവൈ.എസ്.പിമാരുടെ കീഴിലാണ്. നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കോന്നി, കൂടൽ ,തണ്ണിത്തോട് പൊലീസ് സ്‌​റ്റേഷനുകൾ അടൂർ ഡിവൈ. എസ്.പി ഓഫീസിന് കീഴിലാണ് .മലയാലപ്പുഴ പൊലീസ് സ്‌​റ്റേഷൻ പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിന് കീഴിലും ചി​റ്റാർ തിരുവല്ല ഡിവൈ. എസ്.പി ഓഫീസ് പരിധിയിലുമാണ്. കോന്നി കേന്ദ്രീകരിച്ച് ഡിവൈ.എസ്.പി ഓഫീസ് ആരംഭിക്കുന്നതോടെ നിയോജകമണ്ഡലത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഇതിന്റെ പരിധിയിലാകും.

കോന്നി പൊലീസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാകും ഡിവൈ.എസ്.പി ഓഫീസാക്കി മാ​റ്റുക. കെട്ടിടമുള്ളതിനാൽ തസ്തിക അനുവദിച്ചാൽ ഉടൻ ദ്രുതഗതിയിൽ ഡിവൈ.എസ്.പി ഓഫീസ് ആരംഭിക്കാൻ സാധിക്കും. കഴിഞ്ഞ ബഡ്ജ​റ്റിൽ കോന്നിയിൽ ഡിവൈ.എസ്.പി ഓഫീസ് രൂപീകരിക്കുമെന്ന പരാമർശം ഉണ്ടായിരുന്നു.

----------------

കോന്നി കേന്ദ്രീകരിച്ച് പുതിയ ഓഫീസ് ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ ക്രമസമാധാന പരിപാലനം സുഗമമാകും. പ്രവർത്തനം വേഗത്തിൽ തുടങ്ങാനുള്ള ശ്രമത്തിലാണ്.

കെ.യു.ജനീഷ് കുമാർ : എം.എൽ.എ