1 കോടിയുടെ പദ്ധതി

പത്തനംതിട്ട: പത്തനംതിട്ട ചന്തയിൽ മത്സ്യ, ഇറച്ചി വിപണ സ്റ്റാൾ പൊളിച്ചുനീക്കി ആധുനിക രീതിയിൽ പുതിയ വിൽപ്പന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചന്തയ്ക്കുള്ളിൽ നഗരസഭ ഒാഫീസ് കെട്ടിടത്തിന് സമീപത്തായാണ് സ്റ്റാൾ. വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി ചെലവിട്ടാണ് നിർമാണം. എം.എൽ.എ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, കൗൺസിലർമാരായ ആർ. സാബു, പി.കെ. അനിഷ് എന്നിവർ ഇന്നലെ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ നട‌ത്തി.

പുതിയ മത്സ്യ, ഇറച്ചി വിൽപ്പന കേന്ദ്രം അനുവദിക്കുന്നതിന് ഒൻപത് മാസം മുമ്പ് ഫണ്ട് അനുവദിച്ചിരുന്നതാണ്. മുൻ നഗരസഭ ഭരണസമിതി അനുമതി നൽകാതിരുന്നതിനാലാണ് നിർമാണം താമസിച്ചത്. പുതിയ ഭരണ സമിതി വന്ന ശേഷമുള്ള കൗൺസിൽ യോഗത്തിന്റെ അനുമതിയോടെയാണ് പുതിയത് പണിയുന്നത്.

നിലവിലെ മത്സ്യ സ്റ്റാളുകൾ സമീപത്തേക്ക് താൽക്കാലികമായി മാറ്റി. 16 സ്റ്റാളുകൾ പ്രവർത്തിച്ചിരുന്നത് പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലായിരുന്നു. മാലിന്യവും ദുർഗന്ധവും കാരണം ഇവിടേക്ക് ആളുകൾക്ക് അടുക്കാൻ കഴിയാറില്ലായിരുന്നു.

-----------------

50 സ്റ്റാളുകൾ

പുതിയ വിപണന കേന്ദ്രത്തിൽ 50 സ്റ്റാളുകൾ നിർമിക്കും. ഒരോ സ്റ്റാളിലും മത്സ്യം വിൽക്കുന്നതിനുള്ള സ്റ്റീൽ അറകളും ശുചീകരണത്തിന് പൈപ്പ് ലൈനും സ്ഥാപിക്കും. മുകളിലെ നിലയിൽ മത്സ്യ വ്യാപാരികൾക്ക് വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള സൗകര്യമുണ്ടാകും. കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

----------------------

'' പുതിയ മത്സ്യ, ഇറച്ചി വിൽപ്പന കേന്ദ്രത്തിന്റെ നിർമാണം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കും. വാങ്ങുന്നവർക്കും വ്യാപാരികൾക്കും ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഉണ്ടാകും.

വിണാജോർജ് എം.എൽ.എ