covid

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ല മുന്നിൽ. ഇന്നലെ 694 പേർക്കാണ് രോഗം കണ്ടെത്തിയത്. എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 529 എന്നിങ്ങനെയാണ് പത്തനംതിട്ടയ്ക്ക് തൊട്ടു പിന്നിലുള്ള കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പത്തനംതിട്ടയാണ് മുന്നിൽ. 11.14 ശതമാനം.

ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിനടുത്ത് എത്തി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇന്നലെ വരെ 49,995 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 44671 പേർക്കും സമ്പർക്ക രോഗബാധയാണ്. 6134 പേർ മാത്രമേ നിലവിൽ ചികിത്സയിലുള്ളൂവെന്നത് ആശ്വസിക്കാം. ഇന്നലെ 571 പേർ രോഗമുക്തരായി.
2020 മാർച്ച് എട്ടിനാണ് ജില്ലയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയിൽ നിന്നെത്തിയ ഒരു കുടുംബത്തിനും അവരുടെ ബന്ധുക്കൾക്കുമടക്കം അഞ്ചുപേരിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തുടക്കമായിരുന്നു അത്. ഇറ്റലിയിൽ നിന്നുള്ള കുടുംബത്തിൽ നിന്നായി 11 പേരിൽ രോഗം സ്ഥിരീകരിച്ചു. പിന്നീട് വിദേശത്തുനിന്നെത്തിയവരിലടക്കം രണ്ടാംഘട്ട വ്യാപനം 26 പേരിലൊതുങ്ങി. ജൂലൈ 25ലെത്തിയപ്പോൾ രോഗബാധിതരുടെ എണ്ണം 1000 ആയി. സെപ്തംബർ 15ന് രോഗികളുടെ എണ്ണം 5000 കടന്നു. ഒക്ടോബർ ഒമ്പതിന് 10000 പിന്നിട്ടു. നവംബർ 29ന് 30000, ജനുവരി 22ന് 40502 എന്നിങ്ങനെ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. പിന്നീട് 18 ദിവസം കഴിഞ്ഞപ്പോഴേക്കും അരലക്ഷത്തോളമായി.

ഇന്നലെ പോസിറ്റിവിറ്റി നിരക്ക് 11.14 ശതമാനം

കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

രണ്ടുമരണം കൂടി

ജില്ലയിൽ കൊവിഡ് ബാധിതനായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. കൊക്കാത്തോട് സ്വദേശിനി (51) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കോന്നി സ്വദേശിനി (29) പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ് മരിച്ചത്.

'' ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക് വരും ദിവസങ്ങളിൽ വർദ്ധിക്കും. ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ എണ്ണം കൂട്ടിയതുകൊണ്ടാണ് നിരക്കുയരുന്നത്. വരും ദിവസങ്ങളിൽ കൺവെൻഷനുകൾ, ശബരിമല മാസപൂജ, രാഷട്രീയ പാർട്ടികളുടെ യാത്രകൾ എന്നിവ നടക്കുന്നതിനാൽ ഇൗ മാസം അവസാനം വരെയും കൊവിഡ് നിരക്കിൽ വർദ്ധനയുണ്ടാകാം. മാർച്ച് പകുതിയോടെ കുറയുമെന്നാണ് പ്രതീക്ഷ.

ഡോ. എ.എൽ.ഷീജ, ജില്ലാ മെഡിക്കൽ ഒാഫീസർ.