തിരുവല്ല: നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽയോഗം ബഹിഷ്‌കരിച്ചു. മെഴുകുതിരി തെളിച്ച് എൽ.ഡി.എഫ് കൗൺസിലംഗങ്ങൾ പ്രതിഷേധിച്ചു. തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം അടിയന്തര പ്രാധാന്യത്തോടെ ആദ്യം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ ചെയർപേഴ്‌സന്റെ മൈക്ക് തട്ടിയിടാനുള്ള ശ്രമവും ഉണ്ടായി. ആറായിരത്തോളം തെരുവുവിളക്കുകളിൽ ഭൂരിപക്ഷവും കത്തുന്നില്ല. നഗരസഭയിൽ തെരുവ് വിളക്കിന്റെ വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ 2020 ഡിസംബർ 28-ന് അവസാനിച്ചിരുന്നു. ജനുവരിയിൽ ടെൻഡർ വിളിച്ച് പുതിയ കരാറുകാരനെ തിരഞ്ഞെടുത്തിരുന്നു. ഈ കമ്പനിയുമായി കരാർ വച്ചതായി വന്ന വാർത്ത തെറ്റാണെന്നും ഇത് അജൻഡയ്ക്ക് പുറത്തുള്ള വിഷയമായി കൗൺസിലിൽ ആദ്യം ചർച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. കരാർ വച്ചെന്ന് നഗരസഭ വാർത്ത നൽകിയിട്ടില്ലാത്തിനാൽ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതില്ലെന്ന് ഭരണപക്ഷം നിലപാടെടുത്തു. പ്രതിഷേധം തുടർന്നതോടെ അജൻഡയിലുള്ള 25 ഇനങ്ങളും പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ യോഗം പിരിച്ചുവിട്ടു. തെരുവുവിളക്കിന്റെ പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ കാണാൻ ഭരണസമിതി മടിക്കുന്നതെന്തിനാണെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.പ്രദീപ് മാമ്മൻ മാത്യു ചോദിച്ചു. എൽ.ഡി.എഫിന്റെ 15ഉം എൻ.ഡി.എ.യുടെ ഏഴും അംഗങ്ങൾ ബഹിഷ്‌കരിച്ച യോഗം ഭൂരിപക്ഷപ്രകാരമല്ല അജൻഡകൾ അംഗീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു ആറ് മാസത്തേക്ക് വിളക്കൊന്നിന് 160രൂപ നിരക്കിൽ അറ്റകുറ്റപ്പണി നടത്താമെന്ന് ടെൻഡർ ചെയ്ത ചെങ്ങന്നൂർ സ്വദേശിയുടെ കമ്പനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് നിയമപ്രകാരമുള്ള സെലക്ഷൻ നോട്ടീസ് നൽകി. ഇവർ കരാറിൽനിന്നു പിന്മാറിയാൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടും. ഉടൻ കരാർ വയ്ക്കാത്തപക്ഷം റീടെൻഡർ നടപടി സ്വീകരിക്കുമെന്നും നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ പറഞ്ഞു.