പത്തനംതിട്ട : ടി.കെ റോഡിൽ മുട്ടുമൺ ജംഗ്ഷനിലുള്ള ആൽമരത്തിന് സാമൂഹിക വിരുദ്ധർ തീയിട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് തടിക്കഷണങ്ങളും മറ്റും കൂട്ടിയിട്ട് ആരോ കത്തിച്ചത്.ബൈക്ക് യാത്രക്കാരും കാൽനടയായി വന്ന രണ്ട് മഞ്ഞനിക്കര തീർത്ഥാടകരും ചേർന്നാണ് തീ അണച്ചത്.മരത്തിന്റെ ചുവട്ടിലേക്ക് തീപടർന്ന് ആളിക്കത്തുമ്പോഴാണ് തീർത്ഥാടകരും എറണാകുളം സ്വദേശികളുമായ തോമസും ഗീവർഗ്ഗീസും എത്തിയത്.തീ തല്ലിക്കെടുത്താൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന മൂന്ന്കുപ്പി വെള്ളവും ആൽമരത്തിന്റെ തടിയിലെ കത്തിയ ഭാഗത്തേക്ക് ഒഴിച്ചു.ഇതോടെ കത്തിപ്പടരുന്നത് ശമിച്ചു.എന്നിട്ടും തായ് തടി പുകയുന്നുണ്ടായിരുന്നു.
കിലോമീറ്ററുകൾ വീണ്ടും നടക്കേണ്ട ഇരുവരുടേയും കൈയ്യിൽ പിന്നീട് കുടിയ്ക്കാന് ഒരുതുള്ളിവെള്ളവുമുണ്ടായിരുന്നില്ല. മഞ്ഞിനിക്കര കാൽനടതീർത്ഥാടകർ കുറവായതിനാൽ വഴിയിലെങ്ങും വെള്ളം കിട്ടില്ലെന്ന് ബൈക്ക് യാത്രക്കാർ പറഞ്ഞെങ്കിലും ആദ്യം മരത്തിലെ തീ കെടുത്തട്ടെ എന്നായിരുന്നു തോമസിന്റേയും ഗീവർഗ്ഗീസിന്റേയും മറുപടി.
ടി.കെ റോഡ് വികസനകാലത്ത് ആൽമരം വെട്ടിമാറ്റാനുള്ള നീക്കങ്ങൾ നടന്നിരുന്നതാണ്.നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ഉപേക്ഷിച്ചത്.അന്ന് പുല്ലാട് ജംഗ്ഷനിലെ ആലും വെട്ടാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു.മരം ഒഴിവാക്കാനുള്ള ഗൂഢാലോചനയവാം തീയിടീലിന് പിന്നിലെന്നാണ് പ്രദേശവാസികളുടെ സംശയം.