petrol

പത്തനംതിട്ട : കിട്ടുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ചെലവഴിക്കേണ്ടിവരുന്ന സാധാരണക്കാരനെ മുഴുപട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഇന്ധനവില വീണ്ടും കണ്ണുരുട്ടുന്നു. കൊവിഡും ലോക്ക് ഡൗണും കൊണ്ട് പൊറുതിമുട്ടിയ ജനത്തെ വില വർദ്ധനവ് 'കയറെ'ടുപ്പിക്കും. വില തൊണ്ണൂറിലേക്ക് എത്തുമ്പോൾ പെട്ടത് പാവപ്പെട്ടവരാണ്.

12,000 രൂപ ശമ്പളം ലഭിക്കുന്നയാൾക്ക് യാത്രാചെലവും കഴിഞ്ഞ് ഭക്ഷ്യസാധനങ്ങൾ വാങ്ങണമെങ്കിൽ ആരുടെയെങ്കിലും മുന്നിൽ കൈനീട്ടേണ്ട ഗതികേടാണുള്ളത്. കൊവിഡിന് ശേഷം പൊതുഗതാഗതം നേരെയാവാത്തതും രോഗം പകരുമോയെന്ന പേടിയും കാരണം സ്വന്തം വാഹനങ്ങളെയാണ് ഭൂരിഭാഗം സാധാരണക്കാരും ആശ്രയിക്കുന്നത്. കൊവിഡ് സമയത്ത് കൂട്ടിയ ബസ് യാത്രാനിരക്കും ദൈനംദിന ചെലവ് വർദ്ധിപ്പിക്കുകയാണ്. ബസുകൾ കൃത്യസമയത്ത് എത്താത്തതിനാൽ സമാന്തരവാഹനങ്ങളാണ് പലർക്കും ആശ്രയം. രാത്രിയാത്രക്കാരും ചെലവ് താങ്ങാനാകാതെ വീർപ്പുമുട്ടുകയാണ്.

ഓട്ടോ, ടാക്സി ഡ്രൈവർമാരും ഗതികേടിലാണ്. കിട്ടുന്ന പണം ഇന്ധനത്തിന് മാത്രമേ തികയുള്ളുവെന്നാണ് ഡ്രൈവർമാർ പറയുന്നത്.

സംസ്ഥാന സർക്കാരിന്റെ സൗജന്യഭക്ഷ്യക്കിറ്റും കുടുംബാംഗത്തിന് പെൻഷനും കിട്ടുന്നതിനാൽ പട്ടിണിക്കിടക്കുന്നില്ലായെന്നാണ് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ പറയുന്നത്.

" രക്തദാന പ്രവർത്തനങ്ങളിൽ സജീവമാണ്. കോട്ടയം മെഡിക്കൽ കോളേജ് വരെ പോകേണ്ടിവരും. ആളെയും കൂട്ടി അവിടെ വേഗം എത്തണമെങ്കിൽ വാഹനം വേണം. ആരുടേയും കൈയിൽ നിന്ന് പണം വാങ്ങാറില്ല. ഓടി എത്തണമെങ്കിൽ ചില്ലറ ചെലവല്ല ഉള്ളത്. മുമ്പൊക്കെ പെട്രോളിന് അമ്പത് രൂപ മുടക്കിയാൽ മതിയായിരുന്നു. ഇപ്പോൾ 200 രൂപ ചെലവിട്ടാലും തികയില്ല. "

ജസ്റ്റിൻ ബാബു, (റാന്നി സ്വദേശി)

"ഓട്ടോ റിക്ഷ ചാർജ് വർദ്ധിപ്പിച്ചിട്ടില്ല. 30 രൂപ ചോദിക്കുമ്പോൾ തന്നെ ആളുകൾക്ക് ദേഷ്യമാണ്. ദിവസം 200 രൂപയുടെ പെട്രോൾ അടിച്ചാൽ മതിയായിരുന്നു. ഇപ്പോൾ 300 മുടക്കിയാലും തികയില്ല.

പ്രിയ അജയൻ, ഒാട്ടോഡ്രൈവർ

(താഴെ വെട്ടിപ്രം)

" പ്രതിസന്ധിയിലായ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയാകുകയാണ് പെട്രോൾ, ഡീസൽ വില വർദ്ധനവ്. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്.

ശരണ്യ രാജ്

(പന്തളം)

" ഇന്ധന വില വർദ്ധനവ് വലിയ രീതിയിൽ നിർമ്മാണമേഖലയെ ബാധിച്ചിട്ടുണ്ട്. നിരവധി ജോലിയുള്ള സമയത്താണ് വില വർദ്ധനവ്. ലോക്ക് ഡൗൺ കാലത്തെ കടക്കെണിയിൽ നിന്ന് കരകയറിയിട്ടില്ല.

ഉദയൻ തട്ടയിൽ , ജെ.സി.ബി ഒാപ്പറേറ്റർ

"വാഹനത്തിൽ സഞ്ചരിച്ചാണ് ലോട്ടറി വിൽപ്പന. ഒരു ടിക്കറ്റിന് അഞ്ച് രൂപയാണ് ലാഭം കിട്ടുന്നത്. ഈ വില വർദ്ധനവിൽ ജീവിക്കാനാകാത്ത സാഹചര്യമാണുള്ളത്. "

രഘുനാഥൻ, (വെട്ടൂർ)