കോന്നി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായി അച്ചൻകോവിലാറിനു കുറുകെ അരുവാപ്പുലം -ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പാലം വരുന്നു. 12.25 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് ആസ്ഥിയായ വസ്തുവിലാണ് പാലം നിർമ്മിക്കുന്നത്. അതിനാൽ എൽ.എസ്.ജി.ഡി.എൻജിനിയറിംഗ് വിഭാഗം മേൽനോട്ടം നിർവഹിക്കും. അരുവാപ്പുലം പഞ്ചായത്തിലെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ, ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയിലാണ്. അരുവാപ്പുലം പഞ്ചായത്തിനെ അച്ചൻകോവിൽ ആറ് രണ്ട് കരകളായി വേർതിരിക്കുകയാണ്. ഇരുകരകളിലുമുള്ളവർ പരസ്പരം കാണണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി എത്തിച്ചേരേണ്ട സ്ഥിതിയാണ്. കിലോമീറ്ററുകൾ താണ്ടിയുള്ള ഈ യാത്രയുടെ ബുദ്ധിമുട്ടുകൾ നിവേദനങ്ങളും, അവലാതികളുമായി പതിറ്റാണ്ടുകൾ കൊണ്ട് അധികാരികൾ മുമ്പാകെ എത്തിയിരുന്നു എങ്കിലും ഒരു പരിഗണനയും ലഭിച്ചിരുന്നില്ല.
1. അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോൾ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും.
2. ഐരവൺ ഭാഗത്തുനിന്ന് ജനങ്ങൾക്ക് കേന്നി ചുറ്റാതെ പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം.
3. അരുവാപ്പുലം നിവാസികൾക്ക് മെഡിക്കൽ കോളേജിലുമെത്തിച്ചേരാൻ കഴിയും.
കോന്നിയിലെ ഒരു പ്രധാന വികസന പ്രശ്‌നമായിരുന്നു ഐരവൺ പാലം. എത്രയും വേഗം ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കും. കോന്നി ഗവ.മെഡിക്കൽ കോളേജിനെ മുൻനിറുത്തി അന്തർ സംസ്ഥാനമാനം നല്കി പാലത്തിന്റെ ആവശ്യകതയെ സർക്കാരിനു മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് പാലം വേഗത്തിൽ ലഭ്യമാക്കുന്നതിന് സഹായകമായത്.
കെ.യു.ജനീഷ് കുമാർ
(എം.എൽ.എ)
-12.25 കോടി രൂപ അനുവദിച്ചു