തണ്ണിത്തോട് : കൊവിഡിനെ തുടർന്ന് അടച്ച വനംസംരക്ഷണ സമിതിയുടെ നാടൻ ഭക്ഷണശാല തുറക്കാനാകാതെ നശിക്കുന്നു. എലിമുള്ളംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 10 വനിതകൾ ചേർന്ന് നടത്തിയിരുന്ന ആരണ്യകം ഇക്കോ ഷോപ്പാണ് അടഞ്ഞുകിടക്കുന്നത്. തണ്ണിത്തോട് - കോന്നി റോഡിലെ പേരുവാലിയിലെ അടവി ഇക്കോ ടൂറിസം പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാല നിറുത്തിയതോടെ വനിതകളുടെ വരുമാനം നഷ്ടമായി. ഈറ്റ മേഞ്ഞ മേൽകൂരയും മുള ഉപയോഗിച്ചുള്ള ഇരിപ്പിടങ്ങളുമായിട്ടായിരുന്നു ഇക്കോ ഷോപ്പിന്റെ പ്രത്യേകത. അടവിയിലെത്തുന്ന വിനോദസഞ്ചാരികൾ ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കോന്നി - തണ്ണിത്തോട് റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരും വനഭാഗത്തെ ഭക്ഷണശാലയെ ആശ്രയിച്ചിരുന്നു. മാസങ്ങളായി പ്രവർത്തനമില്ലാതായതോടെ ഭക്ഷണശാലയുടെ മേൽക്കൂരയും തൂണുകളും ഇരിപ്പിടങ്ങളും ചിതൽ കയറി നശിച്ചു. 2016 ൽ തുടങ്ങിയ ഈ സംരംഭം അടവിയിലെത്തുന്ന സന്ദർശകർക്ക് കൗതുകമായിരുന്നു. അഞ്ചു വനിതകൾ ചേർന്ന രണ്ട് ഗ്രൂപ്പുകൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വനം വകുപ്പിന്റെ മേൽനോട്ടവും ഇവർക്ക് സഹായകമായിരുന്നു. വരവ് ചെലവ് കണക്കുകൾ മാസം തോറും കൂട്ടി നോക്കി ലാഭവിഹിതം പത്തുപേരും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു പതിവ്.