
തിരുവല്ല : പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ നിർമ്മാണം പൂർത്തിയായ തിരുവല്ല ബൈപ്പാസിന്റെ ഉദ്ഘാടനം നാളെ നടക്കും. ബൈപ്പാസിന്റെ അവസാന ഭാഗമായ രാമഞ്ചിറയിൽ നാളെ രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പങ്കെടുക്കും. രാമഞ്ചിറയിലും മല്ലപ്പള്ളി റോഡിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ, മാർക്കിംഗുകൾ, ഓടയുടെ നിർമ്മാണം എന്നിവ കൂടി പൂർത്തിയാകാനുണ്ട്. മല്ലപ്പള്ളി റോഡുമായും ടി.കെ റോഡുമായും ബൈപ്പാസ് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുകാരണം നഗരത്തിൽ പ്രവേശിക്കാതെ എം.സി റോഡിലൂടെ പോകുന്നവർക്കൊപ്പം മല്ലപ്പള്ളി, ടി.കെ റോഡിലെ യാത്രക്കാർക്കും ബൈപ്പാസ് ഗുണകരമാകും.
ലക്ഷ്യമിട്ടത് കാൽനൂറ്റാണ്ട് മുമ്പ്
തിരുവല്ല ബൈപ്പാസ്, കാൽനൂറ്റാണ്ട് മുമ്പ് മാമ്മൻ മത്തായി എം.എൽ.എയായിരുന്ന കാലത്ത് ലക്ഷ്യമിട്ടതാണ്. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. പിന്നീട് ഇതിന്റെ കേസുകളും ഡിസൈനിലുണ്ടായ അപാകതയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. രണ്ടുവർഷം മുമ്പ് പുതിയ ഡിസൈൻ തയാറാക്കി ലോകബാങ്കിന്റെ അനുമതി നേടിയെടുത്തു. പഴയ കരാർ അവസാനിപ്പിച്ച് പുതിയ ടെൻഡർ വിളിച്ച ശേഷമാണ് അവസാനഘട്ട പണികൾ തുടങ്ങിയത്. ഇതിനിടെ വെള്ളപ്പൊക്കവും കൊവിഡ് മൂലമുണ്ടായ തൊഴിലാളി ക്ഷാമവും പ്രശ്നങ്ങളുണ്ടാക്കി. ഇതുകാരണം ബൈപ്പാസിന്റെ പൂർത്തിയായ ഭാഗങ്ങൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച തിരുവല്ല ബൈപ്പാസ് നഗരത്തിലെ തിരക്കിന് ആശ്വാസമാകും.
ബൈപ്പാസ് ഇങ്ങനെ
എം.സി റോഡിൽ മഴുവങ്ങാട്ചിറയിൽ നിന്ന് ആരംഭിച്ച്, പുഷ്പഗിരി റോഡ് കടന്ന് വൈ.എം.സി.എ ജംഗ്‌ഷനിലെ മേൽപ്പാലത്തിലൂടെ മല്ലപ്പള്ളി റോഡിലെത്തി രണ്ടാമത്തെ മേൽപാലത്തിലൂടെ രാമഞ്ചിറയിലെത്തി വീണ്ടും എം.സി റോഡിൽ എത്തിച്ചേരുന്നതാണ് പദ്ധതി.
ആകെ ചെലവ് : 57 കോടി
രണ്ടാംഘട്ടത്തിൽ : 37കോടി .
2.4 കി.മീ നീളം
വീതി : 10 മീറ്റർ