maramon

പത്തനംതിട്ട : മാരാമൺ കൺവെൻഷന്റെ 126-ാമത് മഹായോഗം നാളെ മുതൽ 21വരെ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. നാളെ വൈകിട്ട് മൂന്നിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.
മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ഡോ.രൂബേൻ മാർക്ക് ആന്ധ്രാപ്രദേശ്, റവ.ഡോ.റോജർ ഗെയ്ക്വാദ് ഗോഹട്ടി, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തൃശൂർ, ബിഷപ്പ് ഡോ.റോയ്സ് മനോജ് വിക്ടർ കണ്ണൂർ, ബിഷപ്പ് സാബു കെ. ചെറിയാൻ കോട്ടയം എന്നിവർമുഖ്യ പ്രസംഗകരാണ്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഓരോയോഗത്തിലും പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വളരെ പരിമിതമാകയാൽ വിശ്വാസസമൂഹം കൺവൻഷൻ നഗറിലേക്ക് വരുവാൻ ശ്രമിക്കാതെ ഭവനങ്ങളിലിരുന്ന് ടിവി, സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. പവർവിഷൻ, എ.സി.വി, വേഡ് ടു വേൾഡ് എന്നീ ടെലിവിഷൻ ചാനലുകളിലും മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെയും മാർത്തോമ്മാ സഭയുടെയും സഭയുടെ സംഗീത വിഭാഗമായ ഡി.എസ്.എം.സിയുടെയും ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും കൺവെൻഷന്റെ തൽസമയ സംപ്രേഷണം ലഭ്യമാണ്. കൈരളി ചാനലിൽ കൺവെൻഷന്റെ ഉദ്ഘാടന, സമാപന യോഗങ്ങൾ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.