തണ്ണിത്തോട്: പുതിയ കെ.എസ്.ഇ.ബി ഓഫീസ് 17ന് രാവിലെ 9ന് മന്ത്രി എം.എം.മണി നാടിന് സമർപ്പിക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. വിഡിയോകോൺഫ്രൻസ് വഴിയാകും മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്. തണ്ണിത്തോട് ജംഗ്ഷനിലുള്ള ആഞ്ഞിലിമൂട്ടിൽ ബിൽഡിംഗിലാണ് ഓഫീസിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കോന്നി സബ്‌സ്റ്റേഷനിൽ നിന്നും കക്കാട് പവർ ഹൗസിൻ നിന്നും വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കും. തണ്ണിത്തോട്, തേക്ക്‌തോട്, നീലിപ്ലാവ് മേഖലകളിലെ 6000 ത്തോളം ഉപഭോക്താക്കൾക്കാണ് സെന്ററിന്റെ പ്രയോജനം ലഭിക്കുക. പത്തനംതിട്ട ഡിവിഷനിലെ കോന്നി മേഖല വിഭജിച്ചാണ് പുതിയ സബ് എൻജിനിയർ ഓഫീസ് സ്ഥാപിക്കുന്നത്. വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ഒരു ഓവർസിയർ ഉൾപ്പടെ 4 ജീവനക്കാരെയും നിയമിക്കും. ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ഓവർസിയറെ കൂടാതെ രണ്ട് ലൈൻമാൻമാരും ഒരു ഇലക്ട്രിക്കൽ തൊഴിലാളിയുമാകും ഇവിടെയുണ്ടാവുക. ജീവനക്കാർക്ക് ഒരു വാഹനവും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഒരു മൊബൈൽ ഫോണും സെന്ററിന് ലഭ്യമാക്കിയിട്ടുണ്ട്.