road
തിരുവല്ല കിഴക്കൻ മുത്തൂർ -മുത്തൂർ റോഡിന്റെ സർവ്വേ ജോലികൾ ആരംഭിച്ചപ്പോൾ

തിരുവല്ല: ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന കിഴക്കൻ മുത്തൂർ - മുത്തൂർ റോഡിലെ സർവേ നടപടികൾ ആരംഭിച്ചു. നിലവിൽ ഏഴര മീറ്റർ വീതിയുളള റോഡ് 10 മീറ്ററായി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായ സർവേ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. തിരുവല്ലയുടെ ഔട്ടർ റിംഗ് റോഡായ കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് മുത്തൂർ റോഡും വികസിപ്പിക്കുന്നത്. റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകുന്നവരുടെ മതിലുകൾ പൊളിച്ചു നീക്കേണ്ടി വന്നാൽ അവ പുനർനിർമ്മിച്ചു നൽകുവാൻ ധാരണയായിട്ടുണ്ട്. കുറ്റൂർ മുതൽ കിഴക്കൻ മുത്തൂർ വരെയുള്ള ഭാഗത്ത് ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായിട്ടുണ്ട്. ഇവിടെ 95 ഭൂഉടമകളും റോഡ് വികസനത്തിന് സ്ഥലം സൗജന്യമായി വിട്ടുനൽകി മാതൃകയായിരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 24 കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർ നിർമ്മിക്കുന്നത്.

റിംഗ് റോഡിന്റെ അവസാനഭാഗമായ കിഴക്കൻ മുത്തൂർ ഭാഗം കൂടി പൂർത്തിയാകുന്നതോടെ എം.സി റോഡിൽ തിരുവല്ല നഗരത്തിലെ തിരക്കിലകപ്പെടാതെ യാത്രക്കാർക്ക് കുറ്റൂരിൽ നിന്നും മുത്തൂരിൽ എത്താൻ കഴിയും.

മാത്യു ടി.തോമസ്

(എം.എൽ.എ)​

-ഏഴര മീറ്റർ 10 മീറ്ററായി വർദ്ധിപ്പിക്കും

- മതിലുകൾ പുനർനിർമ്മിച്ചു നൽകും

- 24 കോടി കിഫ്ബി ഫണ്ട്