തിരുവല്ല: പന്ത്രണ്ടു വയസുള്ള കുട്ടിയുടെ കണ്ണിനുള്ളിൽ തുളച്ചുകയറിയ കമ്പ് പുഷ്പഗിരി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. പത്തനംതിട്ട അയിരൂർ സ്വദേശി അശ്വിൻ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അബദ്ധത്തിൽ കണ്ണിൽ കമ്പ് തുളച്ചുകയറുകയായിരുന്നു. ഉടൻതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പുറമെയുള്ള കമ്പ് നീക്കംചെയ്തു. പിന്നീട് കണ്ണിന്റെ ചലനം നഷ്ടപ്പെടുകയും നീരും വേദനയും ഉണ്ടാവുകയും ചെയ്തതോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കമ്പിന്റെ ഒരുഭാഗം കണ്ണിന്റെ ഉള്ളിൽ തുളഞ്ഞിരിക്കുന്നതായും കണ്ണിൽ പഴുപ്പ് വ്യാപിക്കുന്നതായും കണ്ടെത്തി. തുടർന്ന് എൻഡോസ്കോപിക് ഓർബിറ്റൽ സംവിധാനത്തിലൂടെ ശസ്ത്രക്രിയ നടത്തി കമ്പ് നീക്കംചെയ്യുകയായിരുന്നു. ആശുപത്രി ഇ.എൻ.ടി വിഭാഗം സർജനും പ്രൊഫസറുമായ ഡോ.വിവേക് ശശീന്ദ്രൻ, ഡോ. മിത്ര സാറ ജോൺ, ഡോ.ഷെറിൻ, ജീവനക്കാരായ സിന്ധു, നിവേദ് എന്നിവർ നേതൃത്വം നൽകി.