പത്തനംതിട്ട: 126-ാമത് മാരാമൺ കൺവെൻഷൻ ഇന്ന് മുതൽ 21 വരെ മാരാമൺ പമ്പാ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. ഇന്ന് വൈകീട്ട് 3 ന് ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്
ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ഡോ. രൂബേൻ മാർക്ക് (ആന്ധാപ്രദേശ്), റവ. ഡോ. റോജർ
ഗെയ്ക്കവാദ്( ഗോഹട്ടി), ആർച്ച് ബിഷപ്പ് ആൻഡ്രുസ് താഴത്ത് ( തൃശൂർ), ബിഷപ്പ് ഡോ. റോയ്‌സ് മനോജ് വിക്ടർ (കണ്ണൂർ), ബിഷപ്പ് സാബു കെ. ചെറിയാൻ( കോട്ടയം) എന്നിവർ പങ്കെടുക്കും.
കൊവിഡ് പ്രോട്ടോക്കോൾ കാരണം ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ ടിവി, സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്.
. 200 പേർക്കാണ് പന്തലിൽ പ്രവേശിക്കാനാകുക. മാസ്‌ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ല.
തിങ്കൾ മുതൽ ശനി വരെ രാവിലെ 10 നും, വൈകിട്ട് 5 നും നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബൈബിൾ ക്ലാസുകളും നടക്കും. 17 ന് രാവിലെ 10 ന് എക്യൂമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കും. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് സംസാരിക്കും. വ്യാഴം മുതൽ ശനി വരെ യുവജനങ്ങൾക്കുവേണ്ടിയുള്ള യുവവേദി യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഗായകസംഘം ഉണ്ടാകും. ഉച്ചക്ക് 2.30നുള്ള യോഗം ഇത്തവണയുണ്ടാവില്ല.