 
റാന്നി: വെച്ചൂച്ചിറ അത്തിക്കയം റോഡിൽ തിരുവനന്തപുരം സ്വദേശികളായ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത കാർ തലകീഴായ് മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാരും വെച്ചൂച്ചിറ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കൂത്താട്ടുകുളത്തിന് സമീപം പുറമറ്റം പടിയിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും വാഗമണ്ണിനു പോയവരാണ് അപകടത്തിൽ പെട്ടത്. ഗൂഗിൾമാപ്പ് നോക്കിയാണ് ഇവർ ഈ റൂട്ടിലെത്തിയത്. ഈ റോഡ് ഉന്നതനിലവാരത്തിലാക്കിയതോടെ അപകട പരമ്പരയേറുകയാണ്. പുറം നാടുകളിൽ നിന്നെത്തുന്നവർക്ക് കയറ്റവും കൊടും വളവുകളുമുള്ള റോഡിലെ അപകട സാദ്ധ്യത തിരിച്ചറിയാൻ പറ്റാത്തതും അമിത വേഗതയുമാണ് അപകടത്തിൽപ്പെടാനുള്ള പ്രധാന കാരണം. സ്ഥിരം ടിപ്പർ ലോറികൾ അപകടം ഉണ്ടാക്കുന്ന ഈ മേഖലയിൽ പൊലീസും മോട്ടോർവാഹന വകുപ്പും ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതർ കണ്ട മട്ടില്ല.