14-karikode-road
തകർന്ന ഇരപ്പൻ പാറ പാലം

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരളയിൽ അനുവദിച്ച കളരിക്കോട്-വല്ലന പുത്തൻ പുരയിൽപ്പടി റോഡ് ടെൻഡറിലേക്ക് . ഇതിനായി ഒരു കോടി 40 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് വീണാ ജോർജ് എം.എൽ.എ അറിയിച്ചു. ആദ്യം റോഡ് മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. എന്നാൽ കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ള പാലത്തിന്റെ സ്ഥിതി മനസിലാക്കി സ്ലാബ് മാറ്റി വീതി കൂട്ടുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഇവിടെ അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും പാലത്തിന്റെ ഭാഗത്ത് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയാണ് 40 ലക്ഷം രൂപ അനുവദിച്ചത്. പാലവും, റോഡും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ഇപ്പോൾ ടെൻഡർ ചെയ്യുന്നതെന്നും എം.എൽ.എ അറിയിച്ചു. ആറന്മുള പഞ്ചായത്ത് 5ാം വാർഡിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. ഇരപ്പൻ പാറ പാലം ഏറെ പഴക്കം ചെന്നതും , വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ തക്ക വീതിയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. റോഡിന്റെ ടാറിംഗ് ഇളകി സഞ്ചാരയോഗ്യമല്ല. പ്രദേശവാസികളുടെ നാളുകളായ ആവശ്യമായിരുന്നു ഈ റോഡിന്റെയും, പാലത്തിന്റെയും പുനരുദ്ധാരണം. ഈ വിഷയത്തിൽ എം.എൽ.എ ഇടപെടുകയും . ഈ റോഡ് റീബിൽഡ് കേരള പദ്ധതിയിലെക്ക് നിർദേശിക്കുകയായുമായിരുന്നു. പ്രവൃത്തി സമയ ബന്ധിതമായി പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നും വീണാ ജോർജ് എം.എൽ.എ പറഞ്ഞു.