photo
കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതല സംഘം കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥലം സന്ദർശിക്കുന്നു

കോന്നി : കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുന:രാരംഭിക്കുന്നതിന്റെ ഭാഗമായി എസ്​റ്റിമേ​റ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ ഏ​റ്റെടുത്തിട്ടുള്ള സ്ഥലം സന്ദർശിച്ചത്.

മൂന്ന് മാസത്തിനകം ഡിപ്പോ പ്രവർത്തനമാരംഭിക്കാൻ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനമായത്.

കെ.എസ്.ആർ.ടി.സിക്കായി മാ​റ്റിവച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ ഏ​റ്റെടുക്കാനും തീരുമാനിച്ചിരുന്നു. യാഡ് നിർമ്മിക്കുകയും, ഇലക്ട്രിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഡിപ്പോ ആരംഭിക്കാൻ കഴിയൂ. എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
എച്ച്.എൽ.എൽ ലൈഫ് കെയർ ലിമി​റ്റഡിനാണ് നിർമ്മാണ മേൽനോട്ടം. 30 ബസുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യങ്ങളോടുകൂടിയ യാഡാണ് നിർമ്മിക്കുക. ടെർമിനലിൽ ഒരേ സമയം 5 ബസുകൾ പാർക്ക് ചെയ്യാൻ കഴിയും. 6 ബസ് ഒരേസമയം മെയിന്റനൻസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സ്വകാര്യ വ്യക്തിയുടെ തർക്കമുള്ള ഭൂമി ഒഴിവാക്കിയായിരിക്കും നിർമ്മാണം നടത്തുക.

എച്ച്.എൽ.എൽ ലൈഫ് കെയർ ലിമി​റ്റഡ് അസിസ്​റ്റന്റ് പ്രൊജക്ട് എൻജിനീയർ എസ്.അജിത്കുമാർ, കെ.എസ്.ആർ.ടി.സി കോട്ടയം സബ് ഡിവിഷൻ അസിസ്​റ്റന്റ് എൻജിനീയർ കെ.അഫ്‌സൽ ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

എത്രയും വേഗം ഡിപ്പോ യാഥാർത്ഥ്യമാക്കും. എല്ലാവിധ തടസങ്ങളും നിയമപരമായി തന്നെ ഒഴിവാക്കി കോന്നിയുടെ പ്രധാന വികസന ആവശ്യം നടപ്പിലാക്കും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ