road
തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയോരത്ത് നടക്കുന്ന അനധികൃത നിർമ്മാണം

തിരുവല്ല: സംസ്ഥാന പാതയോരത്തെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈയേറി നടത്തുന്ന നിർമ്മാണത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. തിരുവല്ല -മാവേലിക്കര റോഡരുകിൽ കടപ്ര ആലംതുരുത്തി ജംഗ്ഷന് സമീപത്തെ പഴയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഭാഗമായ 10 സെന്റോളം വരുന്ന ഭൂമിയിലാണ് അനധികൃത നിർമ്മാണം നടക്കുന്നത്. കൈയേറിയ ഭൂമിയിൽ തറയോട് പാകുന്ന പണികളാണ് നടന്നുവരുന്നത്. ഇതിനെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.