
ഇലവുംതിട്ട : ബി.എസ്.എൻ.എല്ലിന്റെ 4 ജി സേവനം ലഭ്യമാകാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. കഴിഞ്ഞ ഡിസംബറിൽ 4 ജി സേവനം രാജ്യമെമ്പാടും നടപ്പാക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ ഇന്ത്യയിൽ 4 ജി സാങ്കേതികവിദ്യ ബി.എസ്.എൻ.എല്ലിനു ചെയ്തു നൽകാൻ ശേഷിയുള്ള കമ്പനികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രമുഖ ടെലികോം കമ്പനികളായ സാംസങ്ങ് , നോക്കിയ , എറിക്‌സൻ, വാവെയ്, സെഡ് ടി.ഇ എന്നിവയ്ക്കാണ് 4 ജി സാങ്കേതിക വിദ്യ സ്വന്തമായുള്ളത്.
ഇതിൽ വാ വെയ്, സെഡ് ടി.ഇ എന്നിവ ചൈനീസ് കമ്പനികളാണ്. ഇവയെ ഒഴിവാക്കി തദ്ദേശ കമ്പനികളെ ഉൾപ്പെടുത്തിയാൽ മതിയെന്ന് ടെലികോം മന്ത്രാലയം തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ കമ്പനികളിൽ സാങ്കേതിക വിദ്യ പരീക്ഷിച്ച് ഉറപ്പിക്കുന്ന ജോലികൾ നടക്കുന്നത് കാരണമാണ് 4 ജി സേവനം വൈകുന്നത്. ആത്മ നിർഭർ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശ കമ്പനികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഇന്ത്യൻ കമ്പനികളെ ഉപയോഗിച്ച് 4 ജി നടപ്പാക്കാനായാൽ വൈകാതെ തന്നെ 5 ജിയും കൊണ്ടുവരാമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കു കൂട്ടൽ. ബി.എസ്.എൻ.എല്ലിൽ കഴിഞ്ഞ വർഷങ്ങളിൽ വി.ആർ.എസ് മുഖേന ജീവനക്കാരുടെ കൂട്ടമായുള്ള കൊഴിഞ്ഞു പോക്കും പദ്ധതി നടത്തിപ്പിന്റെ വേഗംകുറച്ചു.
കഴിഞ്ഞ വർഷം 1,53, 210 പേർ ഉണ്ടായിരുന്നതിൽ ഇപ്പോൾ 72,000 ആയി കുറഞ്ഞു. ഇതിൽ കേരളത്തിൽ ഇപ്പോൾ 3965 ജീവനക്കാർ മാത്രമാണുള്ളത്. കൂട്ട വിരമിക്കലിന് മുമ്പ് 9381 പേരാണ് ഉണ്ടായിരുന്നത്.
കേന്ദ്ര സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ബി.എസ്.എൻ.എല്ലിൽ വി.ആർ.എസ് നടപ്പാക്കിയതല്ലാതെ മറ്റു നിർദേശങ്ങളൊന്നും നടപ്പായില്ല. അതിൽ പ്രധാന നിർദേശമായിരുന്നു 4ജി സേവനം. ഇക്കാര്യത്തിൽ പ്രാഥമിക നടപടികൾ പോലുമായിട്ടില്ല. നിലവിലുള്ള സേവനങ്ങളിലും പരാതി കൂടുകയാണ്. ടെലികോം മന്ത്രി, ബി.എസ്.എൻ.എൽ സി.എം.ഡി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. '(കെ.സെബാസ്റ്റ്യൻ, ദേശീയ ജനറൽ സെക്രട്ടറി,
സഞ്ചാർ നിഗം എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷൻ)