raju

പത്തനംതിട്ട : എല്ലാ രംഗത്തും വലിയ വികസനമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളത്തിലുണ്ടായിട്ടുള്ളതെന്ന് രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. ചാലാപ്പള്ളി - കോട്ടാങ്ങൽ ബാസ്റ്റോ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ.
നാടിന്റെ ഭാവി വികസനത്തിന്റെ അടിത്തറയാണ് ചാലാപ്പള്ളി കോട്ടാങ്ങൽ ബാസ്റ്റോ റോഡിന്റെ ഉദ്ഘാടനത്തിലൂടെ സാദ്ധ്യമായതെന്ന് എംഎൽഎ പറഞ്ഞു. ദേശീയ നിലവാരത്തിലാണ് റോഡ് പൂർത്തിയാക്കിയത്. നാടിന്റെ വികസനത്തിന് എല്ലാ ജനങ്ങളുടെയും സഹകരണം വേണം. മതനിരപേക്ഷ സർക്കാരാണ് ഇപ്പോഴുള്ളത്. അറുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിൽ പൂർത്തിയാക്കിയത്. മണ്ഡലത്തിൽ 400 കോടി രൂപയുടെ കിഫ്ബി ഫണ്ട് ലഭ്യമായിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
17.50 കിലോമീറ്റർ നീളമാണ് ജേക്കബ്‌സ് റോഡിനുള്ളത്. 36.90 കോടി രൂപയ്ക്കാണ് പദ്ധതി പൂർത്തിയായത്. ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ ഉപയോഗിച്ച് 5.70 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉപരിതലം പുതുക്കി. ട്രാഫിക് സംരക്ഷണത്തിന് കരുതൽ നൽകുന്ന വിവിധ തരം സൈൻ ബോർഡുകളുടെ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ചരളേൽ, പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷീനാ രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നീനാ മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജോളി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു ജോസഫ്, ജസീലാ സിറാജ്, ഇ.കെ. അജി, സ്വാഗതസംഘം ചെയർമാൻ അസീസ് റാവുത്തർ, ടി. എസ്. അനീഷ്, സാബു മരുതേൻകുന്നേൽ, ഹരികുമാർ, സക്കീർ ഹുസൈൻ, ജോസി ഇലഞ്ഞിപ്പുറം, പി.എം. ഷാനവാസ്, അഡ്വ. സിബി മേലേട്ട് തുടങ്ങിയവർ പങ്കെടുത്തു.