power

റാന്നി : പെരുന്തേനരുവിക്ക് പിന്നാലെ റാന്നിയിൽ ഒരു വൈദ്യുതി നിലയത്തിനു കൂടി സാധ്യത. രാജു എബ്രഹാം എം.എൽ.എ വൈദ്യുതി മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർ വിദഗ്ധന്മാർ റാന്നിയിൽ എത്തി. പദ്ധതി പ്രദേശം സന്ദർശിച്ച് എം.എൽ.എയുമായി ചർച്ച നടത്തി. പെരുന്തേനരുവി പദ്ധതിയുടെ ടെയിൽ റെയ്‌സ് ആയി കട്ടിക്കൽ അരുവിക്കു മുകളിലായി ഒരു ഡാം നിർമിച്ച് വൈദ്യുതോല്പാദനം നടത്തുന്നതാണ് പദ്ധതി. 200 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ള ചെറിയ ഡാം നിർമിച്ച് അഞ്ച് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പ്രതീക്ഷിക്കുന്നത്. ഇ.എം.സി മുൻ ജോയിന്റ് ഡയറക്ടറും സാങ്കേതിക വിദഗ്ധനുമായ ജി. അനിൽ, എനർജി ടെക്ക്‌നോളജിസ്റ്റ് അനൂപ് സുരേന്ദ്രൻ, ബെൻസി സക്കറിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.