
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്കത്തിലാണ് മലയോരമണ്ണ്. പോർക്കളത്തിലേക്ക് അണികളെ ഇറക്കാൻ മൂന്ന് മുന്നണികളും അണിയറ പ്രവർത്തനങ്ങൾ സജീവമാക്കി. ബൂത്ത് കമ്മറ്റികളെ ഉണർത്തി വോട്ടർപട്ടിക പരിശോധിക്കലും വോട്ടുചേർക്കലും തിരുത്തലുകളും നടന്നുവരുന്നു. സ്ഥാനാർത്ഥികളായി ആരെത്തിയാലും ഉശിരുള്ള പോരിന് കച്ചമുറുക്കണം. തിരഞ്ഞെടുപ്പ് തീയതി എന്നു പ്രഖ്യാപിച്ചാലും താഴേത്തട്ടു മുതൽ എല്ലാ പ്രവർത്തകരെയും രംഗത്തിറക്കാൻ പ്രമുഖ പാർട്ടികൾ തയ്യാറായിക്കഴിഞ്ഞു. ജില്ലാനേതാക്കൾ പലവട്ടം ബൂത്ത് സന്ദർശനങ്ങൾ നടത്തി. പ്രവർത്തനത്തിൽ വീഴ്ചയുള്ളിടങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിലെ നീക്കം. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സംസ്ഥാന നേതാക്കൾ ജില്ലയിൽ സന്ദർശനം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ എെശ്വര്യകേരള യാത്ര 17ന് പത്തനംതിട്ട ജില്ലയിലെത്തും. സി.പി.എെ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫിന്റെ വികസന മുന്നേറ്റയാത്ര 21, 22 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്ര മാർച്ച് നാലിന് ജില്ലയിൽ പ്രവേശിക്കും.
അഞ്ച് മണ്ഡലങ്ങൾ
ആറന്മുള, തിരുവല്ല, റാന്നി, കോന്നി, അടൂർ (പട്ടികജാതി സംവരണം) എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ. ആറന്മുളയിൽ വീണാജോർജ്, തിരുവല്ലയിൽ മാത്യു ടി. തോമസ്, റാന്നിയിൽ രാജു എബ്രഹാം, കോന്നിയിൽ കെ.യു.ജനീഷ് കുമാർ, പട്ടികജാതി സംവരണ മണ്ഡലമായ അടൂരിൽ ചിറ്റയം ഗോപകുമാർ എന്നിവരാണ് നിലവിലെ എം.എൽ.എമാർ. അന്തിമ വോട്ടർപട്ടിക ആയിട്ടില്ലെങ്കിലും ജില്ലയിൽ 11 ലക്ഷത്തിനടുത്ത് വോട്ടർമാരുണ്ട്. തുടർച്ചയായി അഞ്ചുതവണ റാന്നിയെ പ്രതിനിധീകരിക്കുന്ന രാജു എബ്രഹാമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ ആയത്. തിരുവല്ലയെ പ്രതിനിധീകരിക്കുന്ന മാത്യു ടി. തോമസ് നാലുതവണ എം.എൽ.എയായി. ചിറ്റയം ഗോപകുമാർ തുടർച്ചയായി രണ്ടുതവണ അടൂരിനെ പ്രതിനിധീകരിച്ചു. ആറന്മുളയിൽ വീണാജോർജ് ആദ്യ ടേം പൂർത്തിയാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാൻ അടൂർ പ്രകാശ് എം.എൽ.എ സ്ഥാനം രാജിവച്ച ഒഴിവിലുണ്ടായ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ജനീഷ് കുമാർ ഒന്നരവർഷമായി കോന്നിയെ പ്രതിനിധീകരിക്കുന്നു.
ആരുടെ കോട്ട?
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം, നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട് ചേർന്ന്. ജില്ലയുടെ രാഷ്ട്രീയ മനസിനെ ഇങ്ങനെ വായിക്കാം. അടുത്തിടെയായി മൂന്നാംശക്തിയായ എൻ.ഡി.എയുടെ വോട്ടുശതമാനം വർദ്ധിച്ചു വരുന്നതും ശ്രദ്ധേയമാണ്. ജില്ല തങ്ങളുടെ പരമ്പരാഗത കോട്ടയെന്നാണ് യു.ഡി.എഫ് അവകാശപ്പെടാറുള്ളത്. പത്തനംതിട്ട മണ്ഡലം രൂപീകരിച്ചശേഷം നടന്ന എല്ലാ പാർലമെന്റ് തിരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രമാണ് അവർ ഒാർമിപ്പിക്കുന്നത്. അതേസമയം, ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും തങ്ങളുടെ എം.എൽ.എമാർ ആണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് ഇൗ വാദത്തിന്റെ മുനയൊടിക്കുന്നു. ത്രിതല തിരഞ്ഞെടുപ്പിലെ നേട്ടം ഉയർത്തിക്കാട്ടി നിയമസഭാ മണ്ഡലങ്ങളിൽ നേട്ടം ആവർത്തിക്കാനുള്ള പ്രചരണ തന്ത്രമാണ് എൽ.ഡി.എഫിന്റേത്. ഇക്കുറി നിയമസഭ മണ്ഡലങ്ങളെല്ലാം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിലും കോന്നി ഉപതിരഞ്ഞെടുപ്പിലും വോട്ടുവിഹിതം കൂടിയതുവഴി അടൂർ, കോന്നി സീറ്റുകളിൽ നേട്ടമുണ്ടാക്കാമെന്ന് കരുതുകയാണ് ബി.ജെ.പി.
ഇടതുമന്നണിയിൽ റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങളാണ് സി.പി.എം പ്രതിനിധീകരിക്കുന്നത്. ആറൻമുളയിൽ വീണാജോർജും കോന്നിയിൽ കെ.യു.ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് പാർട്ടികേന്ദ്രങ്ങൾ സൂചന നൽകുന്നു. റാന്നിയിൽ അഞ്ച് ടേം പൂർത്തിയാക്കിയ രാജു എബ്രഹാമിനെ മാറ്റി പുതിയ സ്ഥാനാർത്ഥിയെ കൊണ്ടുവരണമോ എന്നതും ചർച്ചയാണ്. മുന്നണിയിലേക്ക് പുതിയതായി എത്തിയ കേരള കോൺഗ്രസ് (എം) റാന്നി സീറ്റ് ചോദിക്കുന്നുണ്ട്. എന്നാൽ, രാജു എബ്രഹാമിന് പകരക്കാരനായി ജനകീയ സ്ഥാനാർത്ഥികളെ കണ്ടെത്തുക സി.പി.എമ്മിനും കേരള കോൺഗ്രസിന് പ്രയാസമേറിയ പണിയാണ്. 2016ൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം റോഷൻ റോയ് മാത്യുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. പിന്നീട് റോഷനെ പി.എസ്.സി അംഗമായി നിയമിച്ചു. കേരള കോൺഗ്രസിൽ നിന്ന് ഉയരുന്നത് ജില്ലാ പ്രസിഡന്റ് എൻ.എം രാജുവിന്റെ പേരാണ്. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു ടി. തോമസ് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അടൂരിൽ ചിറ്റയം ഗോപകുമാറിന് മൂന്നാംടേം നൽകുമോ എന്നു വ്യക്തമായിട്ടില്ല.
യു.ഡി.എഫിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നവർ മണ്ഡലങ്ങളിൽ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി വരികയാണ്. ഗ്രൂപ്പ് തിരിഞ്ഞ് സീറ്റിനായി അവകാശവാദമുന്നയിച്ച് നേതാക്കൾ രംഗത്തുണ്ട്. ബൂത്ത് കമ്മറ്റികൾ ശക്തിപ്പെടുത്തുന്നതിലാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ. എൻ.ഡി.എയിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സൂചനകൾ ഇല്ലെങ്കിലും അടൂരിലും കോന്നിയിലും പ്രമുഖരായ സംസ്ഥാന നേതാക്കൾ മത്സരിക്കുമെന്ന് ഉറപ്പായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂർ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി രണ്ടാമതെത്തിയിരുന്നു. കോന്നി ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ച് നാൽപ്പതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു. സ്ഥനാർത്ഥി ചിത്രം ഇപ്പോൾ വ്യക്തമല്ലെങ്കിലും ജില്ലയിൽ ശക്തമായ ത്രികോണ മത്സരത്തിനുള്ള അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലേതുപോലെ പത്തനംതിട്ടയുടെ മണ്ണ് വീണ്ടും തിളയ്ക്കാൻ പാകപ്പെട്ടിരിക്കുന്നു.