
കോന്നി : ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിർവഹിക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ചെലവിട്ടത് 35 ലക്ഷം
ആനയുമായി ബന്ധപ്പെട്ട വിജ്ഞാനം ജനങ്ങൾക്ക് പകർന്നു നൽകാനും കോന്നിയുടെ ആന ചരിത്രം അറിയാനും കഴിയുന്ന നിലയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് ആന മ്യൂസിയം തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചിട്ടുള്ള മ്യൂസിയത്തിനു വേണ്ടി 35 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.
ആനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് ആന മ്യൂസിയം പുതിയ അനുഭവം പകർന്നു നൽകും. ആനയെ സംബന്ധിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകാനുള്ള സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ആനത്താവളത്തിൽ ഏഴ് ആനയെ നൽകണം എന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇപ്പോൾ ഒരു ആനയെ എത്തിച്ചിട്ടുണ്ട്.
പുതിയ ടൂറിസം പദ്ധതിയും
ആനമ്യൂസിയത്തിനൊപ്പും പുതിയ ടൂറിസം പദ്ധതിയും തയ്യാറാക്കും. വനം വകുപ്പിന്റെ ചുമതലയിൽ സഞ്ചായത്ത് കടവിലാണ് ടൂറിസം പദ്ധതി തുടങ്ങുന്നത്. വനം വകുപ്പിന്റെ സ്ഥലവും പുറമ്പോക്കും ഇതിനായി ഉപയോഗപ്പെടുത്തും. മ്യൂസിക് ഫൗണ്ടേഷൻ, പാർക്ക്, പെഡൽ ബോട്ട്, സവാരി, ഡോർമെട്രി ഉൾപ്പടെ പത്ത് കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ടൂറിസവുമായി ബന്ധപ്പെടുത്തി ജനങ്ങളുടെ കൂട്ടായ്മകൾ രൂപീകരിച്ച് പ്രാദേശികമായി ഉത്പന്നങ്ങൾ നിർമിച്ച് പൊതുവായ ബ്രാൻഡിൽ വിപണനം നടത്തും. ചോക്ലേറ്റ്, മറ്റ് കരകൗശല ഉത്പന്നങ്ങൾ, വന ഉത്പന്നങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ ഉത്പാദിപ്പിച്ച് വിപണനം നടത്തും.അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ