15-punnon-farm-road
പുന്നോൺ പാടശേഖര റോഡ് നിർമ്മാണം

നാരങ്ങാനം : പുന്നോൺ പാടശേഖര സമിതിയുടെയും നെല്ലുൽപ്പാദക കർഷകരുടെയും ആവശ്യം ആയിരുന്ന പാടശേഖരത്തിന്റെ മദ്ധ്യത്തിൽ കൂടിയുള്ള ഫാം റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും, പാടശേഖരത്തിന് അനുവദിച്ച റൈസ് മില്ലിന്റെ സമർപ്പിക്കലും വീണാ ജോർജ് എം.എൽ.എ നടത്തി. ഫാം റോഡിന്റെ നിർമാണം ഒന്നര മാസത്തിനുള്ളിൽ പൂർത്തീകരിച്ച് കർഷകർക്ക് തുറന്നു കൊടുക്കുമെന്ന് എം.എൽ.എ പറഞ്ഞു. കർഷകരുടെ ആവശ്യം മാനിച്ച് വീണ ജോർജ് എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്നാണ് 43 ലക്ഷം രൂപ പുന്നോൺ പാടശേഖര സമിതിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. മണ്ഡലത്തിൽ ആകമാനം പത്തു റൈസ് മില്ലുകൾ വിവിധ പാടശേഖര സമിതികൾക്ക് അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പടുത്തിയാണ് പാടശേഖരത്തിന്റെ വികസന പ്രവർത്തികൾ പൂർത്തീകരിക്കുന്നത്. തോടിന്റെ ഭാഗത്തുണ്ടായ വിള്ളലുകൾ കെട്ടി അടക്കുന്നതും പാടശേഖരത്തിൽ കൂടി ഒഴുകുന്ന കരത്തോടിൽ ബണ്ട് നിർമ്മിച്ച് വെള്ളം തിരിച്ചു വിടുന്ന മറ്റു പ്രവർത്തികളുമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം നടന്ന പുന്നോൺ പാടശേഖര സമിതിയുടെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

പാടശേഖര സമിതി പ്രസിഡന്റ് എം.വി സഞ്ജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി,നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, വൈസ് പ്രസിഡന്റ് പ്രകാശ് തടത്തിൽ, പഞ്ചായത്ത് അംഗംങ്ങളായ അനീഷ കെ.ആർ,ബെന്നി ദേവസ്യ,റസിയ സണ്ണി,മൈനർ ഇറിഗേഷൻ എൻജിനിയർ ജ്യോതികുമാർ,റോസമ്മ രാജൻ, അനിൽ ഏബ്രഹാം,ധന്യ,വി കെ പ്രഭാകരൻ,രാജേഷ് കുമാർ,ശശിധര കുറുപ്പ് എന്നിവർ പ്രസംഗിച്ചു.