അടൂർ : അടൂരിൽ നിന്നും കർണാടകത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൈസൂറിലേക്ക് ഇന്നലെ ആരംഭിക്കാനിരുന്ന സർവീസ് സൂപ്പർ എക്സ്പ്രസ് സർവീസ് കെ.എസ്.ആർ.ടി.സിയിലെ തന്നെ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലിനെ തുടർന്ന് അട്ടിമറിച്ചു. സർവീസ് ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചുള്ള ഉത്തരവ് പുറത്ത് വരാതിരുന്നതും കോട്ടയം ഡിപ്പോയിൽ നിന്നുള്ള സർവീസ് അടൂർ ഡിപ്പോയ്ക്ക് കൈമാറുന്നതിന് കോട്ടയം എം.എൽ.എ തടസം നിന്നതുമാണ് ഇതിന് ഇടയാക്കിയത്. ഇന്നലെ വൈകിട്ട് 6.30ന് സർവീസ് ആരംഭിക്കുന്നതിന് ചീഫ് ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചിരുന്നതാണ്. ഇതിനാവശ്യമായ, ഡ്രൈവർമാർ, ഡ്രൈവർ കം കണ്ടക്ടർ, ടിക്കറ്റ് മെഷീൻ എന്നിവ കോട്ടയം ഡിപ്പോയിൽ നിന്നും അടൂർ ഡിപ്പോയ്ക്ക് ലഭ്യമാകുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ രണ്ടാംശനിയും ഞായറും ആയതിനാൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാൻ വൈകിയതും സർവീസ് ആരംഭിക്കാൻ തടസമായി.
എ.ടി.ഒ യുടെ നിലപാടും വിനയായി
കുറഞ്ഞത് എട്ട് ഡ്രൈവർ കം കണ്ടക്ടറെ നിയമിച്ചാൽ മാത്രമേ സർവീസ് ആരംഭിക്കാൻ കഴിയൂ എന്നതാണ് ഡിപ്പോ അധികൃതരുടെ നിലപാട്. മതിയായ ജീവനക്കാരെ അനുവദിക്കാതെ സർവീസ് ആരംഭിക്കാനാകില്ലെന്ന അടൂർ എ.ടി.ഒ യുടെ നിലപാടാണ് തടസമായത്. കോട്ടയം ഡിപ്പോയിൽ നിന്നും നടത്തിവന്ന സർവീസായിരുന്നു ഇത്. ലോക്ഡൗണിനെ തുടർന്ന് നിറുത്തിയിരിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് കോട്ടയത്തുനിന്നും സർവീസ് പുനരാരംഭിച്ചത്. ചിറ്റയം ഗോപകുമാർ എം.എൽ.എ കെ.എസ്.ആർ.ടി.സി എം.ഡിയേയും വകുപ്പ് മന്ത്രിയേയും കണ്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് അടൂർ ഡിപ്പോയ്ക്ക് നൽകാൻ നടപടി സ്വീകരിച്ചത്. പുഷ്ബാക്ക് സീറ്റോടുകൂടിയ ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഈ സർവീസുകൂടി ആരംഭിച്ചാൽ അടൂരിൽ നിന്നും കർണാടകത്തിലേക്കുള്ള രണ്ടാമത്തെ സർവീസാകും ഇത്. അടൂർ - മണിപ്പാൽ സർവീസാണ് മറ്റൊന്ന്.
സർവീസ് ഇങ്ങനെ
അടൂരിൽ നിന്നും വൈകിട്ട് 6.30ന് പുറപ്പെട്ട് ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, താമരശേരിചുരം, കൽപ്പറ്റ, സുൽത്താൻബത്തേരി, മുത്തങ്ങ, ബന്തിപ്പൂർ വനം, ഗുണ്ടൽപ്പേട്ട് വഴി അടുത്തദിവസം രാവിലെ 8.30ന് മൈസൂരിൽ എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 2.45ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 4.30 അടൂരിൽ എത്തിച്ചേരുംവിധമാണ് നിലവിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്നലെ അടൂരിൽ നിന്നും സർവീസ് ആരംഭിക്കാൻ ചീഫ് ടെക്നിക്കൽ മാനേജരുടെ നിർദ്ദേശം ലഭിച്ചതും ബസ് ഇന്നലെ രാവിലെ അടൂരിൽ എത്തിച്ചേരുമെന്ന ഉറപ്പും നൽകിയിരുന്നതാണ്. ഇതിനിടെ ചില കേന്ദ്രങ്ങളിൽ നടന്ന അനാവശ്യമായ ഇടപടലുകളാണ് തടസമായത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ചിറ്റയം ഗോപകുമാർ
(എം.എൽ.എ)
- ഇന്നലെ വൈകിട്ടുമുതൽ ആരംഭിക്കാനിരുന്ന സർവീസ്