photo

കോന്നി : ആനപ്രേമികളെ ആവേശത്തിലാക്കി കോന്നി ആനത്താവളത്തിൽ പുതിയ കൊമ്പൻ എത്തി. കുങ്കി പരിശീലനം പൂർത്തിയാക്കിയ 24 വയസുകാരൻ കോടനാട്ട് നീലകണ്ഠനെയാണ് ഇന്നലെ കോന്നി ആനത്താവളത്തിൽ എത്തിച്ചത്. രാവിലെ 9.30 ന് വനം വകുപ്പിന്റെ പ്രത്യേക വാഹനത്തൽ എത്തിച്ച ആനയെ പുഷ്പാഭിഷേകം നടത്തിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് കെ.യു.ജനീഷ് കുമാർ എം.എൽ.എ. ഡി.എഫ്.ഒ ശ്യാം മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. നിരവധി ആനപ്രേമികളും സ്ഥലത്ത് എത്തിയിരുന്നു.

1996 ൽ മലയാറ്റൂർ ഡിവിഷനിൽ നിന്നുമാണ് നീലകണ്ഠനെ വനം വകുപ്പിന് ലഭിച്ചത്. അന്ന് മുതൽ കോടനാട്ട് ആനക്കളരിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് തമിഴ്നാട്ടിലെ മുതുമലയിൽ എത്തിച്ച് കോന്നി സുരേന്ദ്രനും സൂര്യയ്ക്കും ഒപ്പം കുങ്കി പരിശീലനം പൂർത്തിയാക്കി പാലക്കാട്ട് എത്തിച്ചു. നീലകണ്ഠന്റെ വരവോടെ ആനത്താളത്തിലെ ആനകളുടെ എണ്ണം അഞ്ചായി. എരണ്ടകെട്ടിനെ തുടർന്ന് താപ്പാന മണിയനും ഹെർപ്പിസ് രോഗം ബാധിച്ച കുട്ടിയാന പുഞ്ചുവും അടുത്തിടെ ചരിഞ്ഞിരുന്നു.