bjp

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണികൾ തയ്യാറെടുപ്പകൾ പൂർത്തിയാക്കുന്നു. അണികളെ സജ്ജമാക്കാൻ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ നേതാക്കൾ നയിക്കുന്ന യാത്രകൾ എത്തുന്നതോടെ ജില്ല പൂർണമായും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന െഎശ്വര്യ കേരള യാത്ര 17ന് ജില്ലയിലെത്തും. രാവിലെ 10ന് തിരുവല്ലയിൽ എത്തുന്ന യാത്ര റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തി പത്തനംതിട്ടയിൽ സമാപിക്കും.

സി.പി.എെ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല വികസന മുന്നേറ്റ യാത്ര 21, 22 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. 21ന് വൈകിട്ട് നാലിന് തിരുവല്ലയിൽ സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് റാന്നി, ആറിന് പത്തനംതിട്ട എന്നിവിടങ്ങളിൽ ജാഥയെ സ്വീകരിക്കും. 22ന് രാവിലെ 10ന് കോന്നിയിലും 12ന് അടൂരിലും സ്വീകരണം നൽകും.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നിയിക്കുന്ന വിജയ യാത്ര മാർച്ച് നാലിന് ജില്ലയിൽ പ്രവേശിക്കും. സ്വീകരണ സമയം തീരുമാനമായില്ല. പത്തനംതിട്ടയിൽ ഒരു ദേശീയ നേതാവ് പ്രസംഗിക്കും. ബൂത്ത് കമ്മറ്റികളുടെ ചുമതല അതത് പ്രദേശങ്ങളിലുള്ള മുതിർന്ന നേതാവിന് നൽകി.