തിരുവല്ല :കാൽനൂറ്റാണ്ടായുള്ള പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ഗതാഗതത്തിനായി ഇന്നലെ തുറന്നുകൊടുത്ത തിരുവല്ല ബൈപ്പാസിന്റെ ഉദ്ഘാടനം നാടിന് ഉത്സവമായി. ഗതാഗതക്കുരുക്കും ഏറെനേരത്തെ കാത്തിരിപ്പുമില്ലാതെ തിരുവല്ലയിലൂടെ ഇനി തിരക്കൊഴിഞ്ഞ ശുഭയാത്ര. ബൈപ്പാസിന്റെ അവസാനഭാഗമായ രാമഞ്ചിറയിൽ നടന്ന സമ്മേളനത്തിൽ മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. ആന്റോ ആന്റണി എം.പി, നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ, കേരള ഷോപ്പ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ, നഗരസഭ കൗൺസിലർമാരായ അനു ജോർജ്, മാത്യൂസ് ചാലക്കുഴി, ജിജി വട്ടശേരി, മുൻ എം.എൽ.എ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, നേതാക്കളായ അലക്‌സ് കണ്ണമല, എൻ.എം.രാജു, വിക്ടർ ടി.തോമസ്, കരിമ്പനാംകുഴി ശശിധരൻ നായർ, അഡ്വ.കെ.പ്രകാശ് ബാബു, അഡ്വ. ആർ.സനൽകുമാർ, അഡ്വ.കെ.ജി. രതീഷ് കുമാർ, ചെറിയാൻ പോളച്ചിറക്കൽ, പ്രൊഫ.അലക്‌സാണ്ടർ കെ. സാമുവേൽ, ബാബു പറയത്തുകാട്ടിൽ, കെ.എസ്.ടി.പി ചീഫ് എൻജിനിയർ ഡാർലിൻ സി. ഡിക്രൂസ്, സൂപ്രണ്ടിംഗ് എൻജിനിയർ എൻ.ബിന്ദു, മൂവാറ്റുപുഴ ഡിവിഷൻ കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനിയർ സിനി മാത്യു എന്നിവർ പ്രസംഗിച്ചു.
സർക്കാർ നീതി പുലർത്തി : ജി. സുധാകരൻ
തിരുവല്ല : സംസ്ഥാന സർക്കാർ അധികാരത്തിലേറിയ ശേഷം പുതിയ കാലം പുതിയ നിർമാണം എന്ന ആപ്തവാക്യത്തോട് നീതി പുലർത്തിയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതിനുവിപരീതമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ കർശനമായി നിയന്ത്രിക്കുകയും നടപടികൾ സ്വീകരിച്ച് തിരുത്തുകയും ചെയ്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. നിർമ്മാണം പൂർത്തിയാക്കിയ തിരുവല്ല ബൈപ്പാസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കൊല്ലം,ആലപ്പുഴ ബൈപ്പാസുകൾ,വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുടങ്ങി കൊല്ലം മുതൽ കൊച്ചി വരെയുള്ള ദേശീയപാതയിൽ 150 കിലോമീറ്ററിൽ പണിത നാലു മേജർ പാലങ്ങളും നിർമ്മിച്ചത് കേരളത്തിലെ പി.ഡബ്ല്യൂ.ഡി എൻജിനിയർമാരാണ്. നിർമ്മാണങ്ങൾ ഏറ്റെടുക്കാൻ ദേശീയ ഹൈവേ അതോറിറ്റി തയ്യാറായിരുന്നില്ല. വികസനം നടപ്പാക്കാൻ ഏതു സർക്കാരിനും സാധിക്കും. എന്നാൽ, മുൻകാലങ്ങളിൽ എന്തുകൊണ്ട് അത് നടത്താൻ പറ്റിയില്ലെന്നതാണ് പരിശോധിക്കേണ്ടത്. വികസനം നടത്താൻ ഒരവസരം കിട്ടിയാൽ അത് ചെയ്തിരിക്കണം. തിരുവല്ല ബൈപാസ് നിർമാണം പൂർത്തിയാക്കിയത് കെ.എസ്ടി.പി.യാണ്. 54 ശതമാനം സംസ്ഥാനത്തിന്റെ വിഹിതമാണ്. 46 ശതമാനം മാത്രമാണ് ലോകബാങ്കിന്റെ വിഹിതം. ഇതുരണ്ടും ചേർത്താണ് ബൈപാസ് യാഥാർത്ഥ്യമാക്കിയത്. തിരുവല്ലയ്ക്ക് അർഹമായ വികസന പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇതിനായി പരിശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നഗരത്തിന്റെ വളർച്ച കൂടുതൽ വിശാലമാകും: മാത്യു .ടി
തിരുവല്ല : പട്ടണത്തിന്റെ വികസനം എസ്.സി.എസ് ജംഗ്ഷനിൽ കേന്ദ്രീകരിക്കാതെ കൂടുതൽ സ്ഥലങ്ങളിലേക്ക് വിശാലമാക്കാനും തിരക്കൊഴിവായി ടി.കെ.റോഡ്, റെയിൽവേ സ്റ്റേഷൻ, മല്ലപ്പള്ളി റോഡ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനും ബൈപ്പാസ് സഹായിക്കുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു തിരുവല്ലയോട് ചേർന്ന് നിരവധി റോഡുകൾ ഏറ്റെടുത്ത് പൂർത്തീകരിച്ചു. ഇടിഞ്ഞില്ലം - കാവുംഭാഗം റോഡ്, കുറ്റപ്പുഴ - മുത്തൂർ, കാവുംഭാഗം - മുത്തൂർ, ചങ്ങനാശേരി - തോട്ടഭാഗം റോഡ്, കാവുംഭാഗം - തുകലശേരി, കറ്റോട് - തിരുമൂലപുരം റോഡ്, പൊടിയാടി - തിരുവല്ല റോഡ്, മുത്തൂർ - ചുമത്ര റോഡ് തുടങ്ങി നിരവധി റോഡുകൾ യാഥാർത്ഥ്യമാവുകയാണ്. ഇത്രയധികം വികസനപ്രവർത്തനങ്ങൾ നടന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.