ആറന്മുള: ഭൂരജിസ്റ്ററിൽ റവന്യൂ അധികൃതർ വരുത്തിയ പിഴവ് കാരണം സ്വന്തം ഭൂമിയിൽ വീട് വയ്ക്കാൻ കഴിയുന്നില്ലെന്ന് പരാതി. ആറന്മുള പഞ്ചായത്തിലെ ആറന്മുളയിലും നീർവിളാകത്തുമുള്ള നാൽപ്പതിലധികം കുടുംബങ്ങൾ ഇതു കാരണം പുരയിടത്തിൽ നിർമ്മാണ പ്രവൃത്തികൾ നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. കരം അടച്ച രസീതിൽ പുരയിടം എന്നതിന് പകരം തോട്ടം, തോപ്പ് എന്നിങ്ങനെ രേഖപ്പെടുത്തിയതാണ് ഇവർക്ക് വിനയായത്. ഇത് തിരുത്തിക്കിട്ടാൻ സ്ഥലം ഉടമകൾ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. റീ സർവേ സമയത്ത് സർവയർമാർക്ക് സംഭവിച്ച പിഴവാണ് ഇതിനു കാരണം. തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇവിടെ നിർമ്മാണ ജോലികൾക്ക് പഞ്ചായത്ത് അധികൃതർ അനുമതി നൽകുന്നുമില്ല. തോപ്പിൽ കൃഷി മാത്രമേ പാടുള്ളൂ എന്നാണ് ഔദ്യോഗിക ഭാഷ്യം. 2018ൽ വില്ലേജ് ഓഫീസുകളിലേത് ഉൾപ്പെടെയുള്ള റവന്യൂ രേഖകൾ ബേസിക് ടാക്‌സ് രജിസ്റ്ററിൽ പരിശോധിച്ചു രേഖപ്പെടുത്തിയപ്പോഴാണ് തെറ്റ് കടന്നു കൂടിയതെന്നാണ് അറിയാൻ കഴിയുന്നത്. രേഖ തിരുത്തിക്കിട്ടാൻ റവന്യൂ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി കാത്തിരിക്കുകയാണ് സ്ഥലം ഉടമകൾ. തിരുവനന്തപുരത്തെ സെൻട്രൽ സർവേ ഓഫീസിൽ നിന്ന് സെറ്റിൽമെന്റ് രജിസ്റ്ററുകൾ വരുത്തി പ്രത്യേക അദാലത്ത് നടത്തിയാൽ പ്രശ്‌ന പരിഹാരമാകും. ഇതു സംബന്ധിച്ച് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.