തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ പന്തീരായിരം വഴിപാട് ഭക്തിസാന്ദ്രമായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആചാരപരമായ ചടങ്ങുകൾക്കു പ്രാധാന്യം നൽകി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള സ്വീകരണപ്പന്തലിൽനിന്നാണ് ഘോഷയാത്ര നടത്തിയത്. പഞ്ചവാദ്യം, ചെണ്ടമേളം ഇവയുടെ അകമ്പടിയോടെ നാമജപത്തോടുകൂടി നൂറോളം ഭക്തജനങ്ങൾ ചേർന്ന് നേദിക്കാനുള്ള പഴങ്ങൾ ക്ഷേത്രത്തിലെത്തിച്ചു. ഒരേസമയം മുപ്പതു പേർക്കുമാത്രം പ്രവേശനം അനുവദിച്ചത്. പഴക്കുലകൾ കിഴക്കേ നമസ്കാരമണ്ഡപത്തിൽ എത്തിച്ച് യോഗക്ഷേമ ഉപസഭയുടെ നേതൃത്വത്തിൽ ഉപസഭയംഗങ്ങളും ക്ഷേത്രത്തിലെ കൈസ്ഥാനീയരും ചേർന്നു നിവേദിച്ചു. ബാക്കി പഴക്കുലകൾ മണ്ഡപത്തിലെത്തിച്ചു ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ പന്തീരടിപ്പൂജക്ക് ഭഗവാന് സമർപ്പിക്കുകയും ചെയ്തു. 16ന് നടക്കുന്ന കൊടിയേറ്റിനുള്ള കൊടിക്കൂറ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും കൊടിക്കൂറ നിർമാതാവ് ജിജീഷ് കുമാറിന്റെ നേതൃത്വത്തിൽ നാമജപത്തോടുകൂടി നടയിലെത്തിച്ചു സമർപ്പിച്ചു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ടി.പി നാരായണൻ നമ്പൂതിരി, പന്തീരായിരം കമ്മിറ്റി കൺവീനർ രാജശേഖരൻനായർ, ഗണേശ് എസ്.പിളള, രാധാകൃഷ്ണൻ, ഗിരീശ് കുമാർ, എ.കെ സദാനന്ദൻ എന്നിവർ നേതൃത്വം നല്കി.