കോഴഞ്ചേരി: ഇന്ധന വില വർദ്ധന കനത്ത പ്രഹരമായി കുതിയ്ക്കുമ്പോൾ പിടിച്ചു നിൽക്കാൻ കരുത്ത് തേടി കെ.എസ്.ആർ ടി.സി. കിതയ്ക്കുന്നു. അനുദിനം വർദ്ധിക്കുന്ന ഡീസൽ വിലയുടെ അമിത ഭാരത്തിൽ നിന്ന് തലയൂരി ചെലവ് കുറയ്ക്കുന്നതിന് എ.എൽ.എൻ.ജി.ബസുകളിലേക്ക് കെ.എസ്.ആർ.ടി.സി പരീക്ഷണ ഓട്ടത്തിനൊരുങ്ങാൻ തയാറാകുകയാണ്. എൽ.എൻ.ജി ബസുകൾ ഓടുമ്പോൾ ഡീസലിനെക്കാൾ ചെലവ് കുറയുമെന്ന കണക്കു കൂട്ടലാണ് ഇന്ധന മാറ്റത്തിന് കാരണം. ദ്രവീകൃത പ്രകൃതി വാതകമാണ് എൽ.എൻ.ജി. നഷ്ടത്തിൽ നിന്ന് ഒരു വിധം ഓടി കരകയറുന്നതിനിടെയാണ് അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധന. പരീക്ഷണാടിസ്ഥാനത്തിൽ എൽ.എൻ.ജി ബസുകൾ ആദ്യം ഓടുക കുമളി, മൂന്നാർ തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലാണ്. പ്രകൃതി വാതകത്തിൽ ഓടുമ്പോൾ വാഹനം കയറ്റം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് വിലയിരുത്താനാണ് ഈ റൂട്ട് തിരഞ്ഞെടുത്തത്.
എറണാകുളം ഡിപ്പോയിലാണ് എൽ.എൻ.ജി സർവീസ് സംസ്ഥാനത്ത് ആദ്യം തുടങ്ങുക.
തുടക്കത്തിൽ 400 ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. 50 ബസുകൾ അടുത്താഴ്ച മുതൽ ഓടിത്തുടങ്ങും. ഇതിനായി ബസുകളിൽ ക്രയോജനിക് എൻജിനുകൾ ഘടിപ്പിച്ചു തുടങ്ങി. ജീവനക്കാർക്കുള്ള പരിശീലനവും ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ ഫില്ലിങ് സ്റ്റേഷനുകളുടെ നിർമ്മാണവും തുടങ്ങി.

-കേരളത്തിൽ എൽ.എൻ.ജി വില 4045 രൂപ മാത്രം
-ഡീസൽ വാഹനങ്ങളെക്കാൾ 5 മടങ്ങ് മലിനീകരണം കുറവ്.
-ഒരു തവണ ചാർജ് ചെയ്താൽ 900 കിലോമീറ്റർ ഓടാം

-തുടക്കത്തിൽ 400 ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റും

-50 ബസുകൾ അടുത്ത ആഴ്ചമുതൽ ഓടിത്തുടങ്ങും


ജില്ലയിൽ' വൈകാതെ പ്രകൃതി വാതക ബസുകൾ വൈകാതെ നിരത്തിലിറങ്ങും. ഫില്ലിംഗ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് തിരുവല്ല ഡിപ്പോയ്ക്കാണ് പ്രഥമ പരിഗണന. ജില്ലകളിൽ ഒരു ഫില്ലിംഗ് കേന്ദ്രം മാത്രമേ തയാറാക്കാൻ സാദ്ധ്യതയുള്ളൂ.
( റോയി ജേക്കബ്, ഡി.ടി.ഒ,

കെ.എസ്.ആർ.ടി.സി.

പത്തനംതിട്ട).