
മാരാമൺ കൺവെൻഷൻ തുടങ്ങി
മാരാമൺ: തിരഞ്ഞെടുപ്പുകാലത്ത് നാടിന്റെ ബഹുസ്വരതയ്ക്കും നാനാത്വത്തിൽ ഏകത്വമെന്ന ചിന്തകൾക്കും എതിരെ വെല്ലുവിളി ഉയരുകയാണെന്ന് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. കൊവിഡിനുശേഷം മാറിമറിയുന്ന ലോകത്ത് സഭ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികളാണ്. ഇക്കാലയളവിൽ സഭയ്ക്കു വിഭാഗീയതയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അതു ദൈവികമല്ലെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ. റോജർ ഗെയ്ക്‌വാദ് (ഗുഹാവത്തി) മുഖ്യപ്രസംഗം നടത്തി. സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.ജോർജ് ഏബ്രഹാം സ്വാഗതം പറഞ്ഞു. മാർത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാരായ ജോസഫ് മാർ ബർണബാസ്, തോമസ് മാർ തീമോത്തിയോസ്, ഡോ.ഐസക് മാർ പീലക്‌സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്, തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ്, അൽമായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പി.സി.ജോർജ്, രാജു ഏബ്രഹാം, വീണാ ജോർജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഒാമല്ലൂർ ശങ്കരൻ, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, പഴകുളം മധു, പി.മോഹൻരാജ്, ജോർജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. കൺവെൻഷൻ 21നു സമാപിക്കും.
കാർഷിക ബില്ലിന് വിമർശനം
രാജ്യത്തെ അന്നം ഊട്ടുന്നവർ കഴിഞ്ഞ മൂന്ന് മാസമായി തെരുവിൽ അലയുമ്പോൾ അവരുടെ ഭാവിക്ക് വേണ്ടി നിയമം മാറ്റി എഴുതേണ്ടതിനു പകരം കോർപ്പറേറ്റ് പ്രീണനമാണ് നടക്കുന്നതെന്ന് കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ച ഡോ.യുയാക്കീം മാർ കൂറിലോസ് എപ്പിസ്‌കോപ്പ പറഞ്ഞു.
കർഷകർക്കൊപ്പം നില്ക്കാൻ സഭയും സമൂഹവും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.