അടൂർ : പുരാതന പ്രസിദ്ധമായ പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ തിരുമുടി എഴുന്നള്ളത്ത് ഉത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവ ചടങ്ങുകൾക്ക് മുന്നോടിയായുള്ള ഒന്നാം ഘട്ട ശുദ്ധിക്രിയകൾ ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടന്നു. ഇന്ന് പുലർച്ചെ 5.30ന് മഹാഗണപതിഹോമം, 6.30 മുതൽ പണ്ടാരഅടുപ്പിൽ പൊങ്കാല, 7ന് എതിരേറ്റ്പൂജ, 8മുതൽ ബിംബശുദ്ധിക്രീയകൾ, 10ന് കലശാഭിഷേകം, വൈകിട്ട് 6നും 6.30നും മദ്ധ്യേ തന്ത്രി അടിമുറ്റത്ത് മഠം എ.പി.പരമേശ്വര ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 7ന് ഭാഗവത സപ്താഹ യജ്ഞത്തിന് മുന്നോടിയായുള്ള ഭദ്രദീപ പ്രതിഷ്ഠ എന്നീ ചടങ്ങുകൾ നടക്കും. 17മുതൽ 23വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. മുല്ലമംഗലം ത്രിവിക്രമൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി 23ന് രാത്രി 7മുതൽ മേജർസെറ്റ് കഥകളി, 11മുതൽ താലപ്പൊലി, പഞ്ചവാദ്യം, വെൺകൊറ്റകുട, കൊടി,തഴ,ചാമരം എന്നിവയുടെ അകമ്പടിയോടെ തിരുവാതിര എഴുന്നള്ളത്ത് നടക്കും. 24നാണ് തിരുമുടി എഴുന്നള്ളത്ത്. ഇതിന്റെ ഭാഗമായി രാവിലെ 11 ന് കലശപൂജ, കലശാഭിഷേകം,അലങ്കാരപൂജ, 12 ന് ഉച്ചപ്പാട്ട്,രാത്രി 8ന് ചാക്യാർകൂത്ത്, 9മുതൽ കലാമണ്ഡലം ആർച്ചക്ഷ്മിയുടെ മോഹിനിയാട്ടം, 1മുതൽ കളമെഴുത്തും പാട്ടും,11.30ന് എതിരേൽപ്പ് എഴുന്നള്ളത്ത്, 1.30മുതൽ മുടിപ്പേച്ച്, 2.30ന് തിരുമുടി എഴുന്നള്ളത്ത്, പുലർച്ചെ 3.50ന് കൊടിയിറക്കം.