തിരുവല്ല: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ കുറുകെ കടക്കാനായി മേൽപ്പാലത്തിലേക്ക് കയറാനും ഇറങ്ങാനുമായി സ്ഥാപിച്ച എസ്കലേറ്റർ ഇന്ന് മുതൽ പ്രവർത്തിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യനും ആന്റോ ആന്റണി എം.പി.യും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവർക്കും ഏറെ സഹായകമാകും എസ്‌കലേറ്റർ. രണ്ട് എം.പി.മാരുടെ ഫണ്ടിൽനിന്ന്‌ ഒരുകോടി രൂപവീതം ചെലവഴിച്ചാണ് പണി പൂർത്തിയാക്കിയത്. റെയിൽവേ മന്ത്രാലയം 1.65 കോടി ചെലവഴിച്ചാണ് നടപ്പാലം നിർമിച്ചത്. 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ലിഫ്റ്റുകളുടെ പണികളും അവസാനഘട്ടത്തിലാണ്.