 
പത്തനംതിട്ട: സാന്ത്വന സ്പർശം അദാലത്തിന് ജില്ലയിൽ തുടക്കമായി. ഉദ്ഘാടകനായ മന്ത്രി എ.സി. മൊയതീന് ആദ്യ പരാതി ചടങ്ങിൽ അദ്ധ്യക്ഷയായ വീണാ ജോർജ് എം.എൽ.എ കൈമാറി. ആറന്മുള നിയോജക മണ്ഡലത്തിൽ ആറന്മുള, കിടങ്ങന്നൂർ, വില്ലേജുകളിലെ നിരവധി ജനങ്ങളുടെ കരമടച്ച രസീതുകളിൽ പുരയിടത്തിന് പകരമായി തോട്ടം എന്ന് രേഖപ്പെടുത്തിപ്പോകുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എം.എൽ.എ നൽകിയത്.
രേഖകളിൽ അപാകത ഉള്ളതിനാൽ ധാരാളം ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സ്ഥല ഉടമകൾക്ക് വീട് വയ്ക്കുന്നതിനോ വസ്തു സംബന്ധമായ ആവശ്യങ്ങൾ സാധിക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ്.
കരമടച്ച രസീതുകളിൽ 2018 മുതൽ പുരയിടത്തിനു പകരമായി തോട്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചു വർഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു ഈ സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ അദാലത്തുകൾ നടത്തുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി വി. വേണുഗോപാൽ, ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ.റെഡ്ഡി, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, എ.ഡി.എം ഇ.മുഹമ്മദ് സഫീർ, അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി, അടൂർ ആർ.ഡി.ഒ എസ്. ഹരികുമാർ, ഡെപ്യുട്ടി കളക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ കോഴഞ്ചേരി താലൂക്കിലെയും ഉച്ചയ്ക്ക് ശേഷം അടൂർ താലൂക്കിലെയും അപേക്ഷകരുടെ പരാതികളാണ് സ്വീകരിച്ചത്.
ജപ്തിഭീഷണി ഒഴിഞ്ഞ് അമ്മിണി
പത്തനംതിട്ട: ഊന്നുകൽ വടക്കേക്കര വീട്ടിൽ അമ്മിണി (66) ജപ്തിഭീതിയിൽ വീടുവിട്ട് ഇറങ്ങേണ്ടിവരും എന്ന ഭീതിയോടെയാണ് സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുക്കാനായി എത്തിയത്. തന്റെ സങ്കടങ്ങളും നിസഹായവസ്ഥയും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചു. ജപ്തി നടപടികൾ നിറുത്തിവയ്ക്കാൻ മന്ത്രി നിർദേശം നൽകിയതിനൊപ്പം പലിശയും പിഴപലിശയും ഒഴിവാക്കുവാനും അദാലത്തിൽ തീരുമാനമായി.
ജില്ലാ ബാങ്കിന്റെ ഇലവുംതിട്ട ശാഖയിൽ നിന്ന് അഞ്ച് ലക്ഷംരൂപയാണ് വായ്പയായി എടുത്തത്. രണ്ടര വർഷമായി തുക അടയ്ക്കാത്തതിനാൽ പലിശയും കൂട്ടുപലിശയും ആയി അവസാനം ജപ്തി നടപടികളിലേക്ക് ബാങ്ക് നീങ്ങിയ സമയത്താണ് അമ്മിണി സാന്ത്വന സ്പർശം അദാലത്തിന് എത്തിയത്. പലിശയും പിഴ പലിശയും റിസ്‌ക്ക് ഫണ്ടായ ഒന്നര ലക്ഷം രൂപയും ഒഴിവാക്കി. ബാക്കി വരുന്ന മൂന്നു ലക്ഷം രൂപ ഇനി അമ്മിണി അടച്ചാൽ മതിയാകും.
റാന്നി, കോന്നി താലൂക്കുകളിൽ അദാലത്ത് ഇന്ന്
പത്തനംതിട്ട: ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. രാവിലെ കോന്നി താലൂക്കിൽ നിന്നുള്ളവർക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കിൽ നിന്നുള്ളവർക്കും പങ്കെടുക്കാം. മന്ത്രി എ.സി.മൊയ്തീൻ, മന്ത്രി എ.കെ.ശശീന്ദ്രൻ, എം.എൽ.എമാരായ രാജു ഏബ്രഹാം, അഡ്വ.കെ.യു.ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡി, എ.ഡി.എം ഇ.മുഹമ്മദ് സഫീർ തുടങ്ങിയവർ പങ്കെടുക്കും. റാന്നി താലൂക്കിലെ ആറ് പട്ടയവും കോന്നി താലൂക്കിലെ എട്ട് പട്ടയവും വിതരണം ചെയ്യും. അദാലത്ത് നടക്കുന്ന സ്ഥലത്ത് പ്രത്യേക അന്വേഷണ കൗണ്ടറും രജിസ്‌ട്രേഷൻ കൗണ്ടറും ഉണ്ടാകും. അദാലത്തിലേക്ക് ഓൺലൈനായി അപേക്ഷകൾ നൽകിയിട്ടില്ലാത്ത, അദാലത്ത് വേദിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവർ ആറു മാസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ നിർബന്ധമായും കൊണ്ടുവരണം.