ksrtc

പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലും സാന്ത്വന സ്പർശം അദാലത്തും ഉദ്ഘാടനം ചെയ്യാനെത്തുന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനറിയാമോ ജില്ലയിലെ ട്രാൻ.സർവീസുകൾ പൊളിഞ്ഞത് ?. കൊവിഡ് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നിട്ടും ദീർഘദൂര സർവീസുകളും രാത്രി സർവീസുകളും തുടങ്ങാതെ യാത്രക്കാരെ ദുരിതത്തിലാക്കുകയാണ് കെ.എസ്.ആർ.ടി.സി. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെല്ലാം പരാതി നൽകിയെങ്കിലും നടപടി ആയില്ല. രാത്രി ഏഴ് മണി കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിന്ന് എം.സി റോഡിലെ ചെങ്ങന്നൂർ, തിരുവല്ല, അടൂർ ഭാഗങ്ങളിലേക്കും മലയോര റൂട്ടുകളിലേക്കും ബസില്ലാത്തത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എം.സി റോഡിലും നാഷണൽ ഹൈവേകളിലും രാപ്പകൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമ്പോഴാണ് മലയോര ജില്ലയായ പത്തനംതിട്ടയോട് അവഗണന.

പത്തനംതിട്ടക്കാരുടെ യാത്രാക്ളേശം അകറ്റാൻ മന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം സ്വകാര്യ ബസുകൾ കയ്യേറി സർവീസ് നടത്തിയിട്ടും ജില്ലയിലെ കെ.എസ്.ആർ.ടി.സി അധികൃതർക്ക് കുലുക്കമില്ല. കോന്നി, ചെങ്ങന്നൂർ, അടൂർ, തിരുവല്ല, ആങ്ങമൂഴി റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ സമയങ്ങളിലാണ് സ്വകാര്യ ബസുകൾ ഒാടുന്നത്.

കൊവിഡ് ഭീതി കാരണമാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ കയറാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, സ്വകാര്യ ബസുകൾ നിറയെ യാത്രക്കാരുമായി പോകുന്ന കാഴ്ചയെക്കുറിച്ച് അവർ മൗനം പാലിക്കുന്നു.

ഇപ്പോഴത്തെ ലാസ്റ്റ് ബസുകളുടെ സമയം

തിരുവല്ല : 7.30

അടൂർ : 7.10

റാന്നി : 7. 00

പന്തളം : 6.45

ചെങ്ങന്നൂരിന് ബസില്ല.