maramon
മാരാമൺ കൺവെൻഷനിൽ രാവിലെ നടന്ന യോഗത്തിൽ ഡോ.തോമസ് മാർ തീത്തൂസ് എപ്പിസ്‌കോപ്പാ പ്രസംഗിക്കുന്നു

മാരാമൺ: നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള തിരിച്ചറിവാണ് സമൂഹത്തിനു നൽകേണ്ടതെന്ന് ഡോ.തോമസ് മാർ തീത്തൂസ് എപ്പിസ്‌കോപ്പാ പറഞ്ഞു. മാരാമൺ കൺവെൻഷൻ യോഗത്തിൽ

മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും ഭ്രമണപദത്തിൽ നിന്ന് പങ്കുവയ്ക്കലിന്റെ കൂട്ടായ്മയിൽ എത്താതെ സമൂഹം രക്ഷപ്പെടില്ല. ഇരയോടൊപ്പമാണ് എന്ന് തോന്നിപ്പിക്കുകയും വേട്ടക്കാരന് ഒത്താശ ചെയ്യുന്നവരുടെയും കൂട്ടമായി നാം മാറുകയാണോയെന്ന് സ്വയം പരിശോധിക്കണം. ഞാൻ സ്വാശ്രയത്വം നേടി എന്ന് അഹങ്കരിക്കുന്ന ലോകത്തിനു കിട്ടിയ അടിയാണ് കൊവിഡ് എന്ന മഹാമാരി.
തലചായ്ക്കാൻ ഇടമില്ലാതെ തെരുവിൽ കിടന്നു മരിച്ചാൽ അത് വാർത്തയല്ലാതായി മാറി. ജന്മനാടുവിട്ട് പായേണ്ടി വരുന്ന അഭയാർത്ഥികളുടെ നാടായി ലോകം മാറുകയാണ്. ഓരോ ക്രിസ്ത്യാനിയുടെയും മുന്നിലുള്ള ചോദ്യം എവിടെ നിന്റെ സഹോദരൻ എന്നതാണ്. ഇതിന് ഉത്തരം നൽകാനാണ് സഭകൾ തയ്യാറാകേണ്ടത്. അന്യനെ അതിഥിയായി മാറ്റണം. അന്യ സംസ്ഥാനക്കാരനെ അതിഥിയാക്കി മാറ്റാൻ കേരള സർക്കാരിനു കഴിഞ്ഞു. ഒരു കൊറോണക്കാലമാണ് അതിന് നിമിത്തമായത്. അന്യന് അഭയമേകുമ്പോൾ ഓരോ സഭയും കുടുംബവും, സമൂഹവും വിശുദ്ധീകരിക്കപ്പെടും. നമുക്കുള്ളതെല്ലാം നമ്മുടെതല്ല എന്ന് തിരിച്ചറിയണമെന്നും ഡോ.തോമസ് മാർ തീത്തൂസ് തിരുമേനി ഓർമ്മിപ്പിച്ചു.
നാടിന് അന്നം നൽകുന്ന കർഷകർക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ പറഞ്ഞു.