മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചവർ വീണ്ടും രാജിവച്ചു. എൽ.ഡി.എഫിൽ നിന്നും വിജയിച്ച പ്രസിഡന്റ് ബിനു ജോസഫും, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജമീലാ ബീവിയുമാണ് ഫലപ്രഖ്യാപനം നടന്നതിന് ശേഷം രാജി സമർപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് എസ്.ഡി.പി.ഐ നൽകിയ പിന്തുണ നിഷേധിച്ചാണ് രാജിവെച്ചത്. 13 വാർഡുകളുള്ള ഇവിടെ എൽ.ഡി.എഫ് 5, ബി.ജെ.പി. 5, യു.ഡി.എഫ് 2, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. രാവിലെ 11ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സി.പി.എം പ്രതിനിധി ബിനു ജോസഫിന് 6 വോട്ടും എതിർസ്ഥാനാർത്ഥി ബി.ജെ.പി.യിലെ ദീപ്തി ദാമോദരന് 5 വോട്ടുകളും ലഭിച്ചു. ഉച്ചക്ക് 2ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം പ്രതിനിധി ജമീലാ ബീവിക്ക് 6 വോട്ടും എതിർസ്ഥാനാർത്ഥി ബി.ജെ.പി.യിലെ സി.ആർ. വിജയമ്മക്ക് 5 വോട്ടുകളും ലഭിച്ചു. രണ്ട് തിരഞ്ഞെടുപ്പുകളിലും എസ്.ഡി.പി.ഐ അംഗം എൽ.ഡി.എഫിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയപ്പോൾ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു. മല്ലപ്പള്ളി സബ് റെജിസ്ട്രാർ ജഗദീഷ് വരണാധികാരിയായിരുന്നു. പുതിയ ഭരണ സമിതിയുടെ സാരഥ്യം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കരുണാകരനാണ് വഹിക്കുന്നത്.