പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ മന്ദിരം ഇന്ന് വൈകിട്ട് 5ന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മൂന്നാഴ്ച മുമ്പ് മാറ്റിയിരുന്നു. പഴയ ഓഫീസ് കെട്ടിടം നിന്ന ഭാഗത്താണ് യാർഡ് നിർമ്മിക്കുന്നത്.തൽക്കാലം യാർഡ് മണ്ണിട്ട് ഉറപ്പിക്കുക മാത്രമാണ് ചെയ്യുക . ബസുകൾ കയറി ഇറങ്ങി ഉറച്ച ശേഷം മാത്രമേ തറയിൽ പൂട്ടുകട്ട ഇട്ട് ഉറപ്പിക്കുകയുള്ളു. 2015 സെപ്തംബറിലാണ് നിർമ്മാണം ആരംഭിക്കുന്നത്. പണികൾ പല തവണ മുടങ്ങിയിരുന്നു. ഒൻപത്‌കോടി രൂപ ചെലവഴിച്ചാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. ഇതിൽ രണ്ടരകോടി രൂപ അന്ന് എം.എൽ.എ യായിരുന്ന ശിവദാസൻ നായരുടെ ആസ്തി വികസനഫണ്ടിൽ നിന്നും ബാക്കി 6.54 കോടി കോർപറേഷന്റെ വകയുമാണ്. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്താണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് താൽകാലികമായി പ്രവർത്തിക്കുന്നത്.