 
കോന്നി : മലയോരനാടിന്റെ ദീർഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന മണ്ഡലതല പട്ടയവിതരണം അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അദ്ധ്യക്ഷത വഹിച്ചു. ഗ്രമപഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായിൽ, സി.എസ്. സോമൻപിള്ള, തഹസിൽദാർ കെ.എസ് നസിയ,വില്ലേജ് ഓഫീസർ രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
ആറായിരംപേരുടെ കാത്തിരിപ്പ്
ആറായിരം പേർക്കാണ് പട്ടയം ലഭിക്കാനുള്ളത്. കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം ലഭിക്കാനുള്ള മുഴുവൻ ആളുകൾക്കും മൂന്ന് മാസത്തിനുള്ളിൽ പട്ടയം വിതരണം ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ മൈലപ്ര, കൂടൽ വില്ലേജുകളിലായി മൂന്ന് പേർക്ക് വീതവും വള്ളിക്കോട്, ഐരവൺ വില്ലേജുകളിലായി രണ്ട് പേർക്ക് വീതവും വി.കോട്ടയം, കോന്നിത്താഴം വില്ലേജുകളിൽ ഒരാൾക്കുമാണ് പട്ടയം വിതരണം ചെയ്തത്.