കൊടുമൺ: അൻപതിൽപ്പരം അന്തേവാസികൾക്ക് അഭയം നൽകുന്ന മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ കൊടുമൺ, അങ്ങാടിക്കൽ യൂണിറ്റിൽ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ല. കൊടുമൺ, വള്ളിക്കോട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിനുവേണ്ടി വാട്ടർ അതോറിറ്റിയുടെ നിയന്ത്രണത്തിൽ കാൽനൂറ്റാണ്ടു മുമ്പ് സ്ഥാപിച്ച ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നാണ് വെള്ളം എത്തേണ്ടത്. ഇതിന് പണം മുടക്കിയതും പഞ്ചായത്തുകളാണ്. അച്ചൻകോവിലാറ്റിലെ താഴൂർ കടവിൽ നിന്ന് പമ്പുചെയ്യുന്ന വെള്ളം അങ്ങാടിക്കൽ വില്ലേജിലെ സിയോൻ കുന്നിലെത്തിച്ച് അവിടെ നിന്ന് പ്രാവിറ്റിപ്ലേ വഴി പാണൂർ മുരുപ്പിലെ ടാങ്കിലെത്തിച്ചാണ് വിതരണം ചെയ്തിരുന്നത്. ഈ ടാങ്ക് ശുദ്ധീകരിക്കാറില്ല. കലക്കവെള്ളമാണ് ജനങ്ങൾക്കു കിട്ടുന്നത്. മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും കുളിക്കാനും അരക്കിലോമീറ്റർ അകലെ അയൽവാസികളുടെ കിണറ്റിൽ നിന്നാണ് വെള്ളമെടുക്കുന്നത്.അറുപതു മുതൽ 98 വയസുവരെ ഉള്ളവരുണ്ടിവിടെ. വെള്ളത്തിന്റെ ബുദ്ധിമുട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ടതാണ്. എം. എൽ. എയും പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ടിട്ടതോടെ കുറേനാൾ വെള്ളം കിട്ടിയിരുന്നു.