
കോന്നി : ഗവ.മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.01 കോടി രൂപയാണ് രണ്ടാംഘട്ട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 218 കോടിയുടെ നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ നടത്തുക. ബാക്കി തുക ഗ്രീൻ ബിൽഡിംഗിനായി നീക്കിവച്ചിരിക്കുകയാണ്.
200 കിടക്കകൾ ഉള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുള്ള ക്വാട്ടേഴ്‌സ് , 2 നിലകളുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റൽ, അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, മോർച്ചറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെട്ടതാണ് രണ്ടാംഘട്ടം. നിർമ്മാണം പൂർത്തിയാകുന്നതോടെ 500 കിടക്കകൾ ഉള്ള ആശുപത്രിയായി കോന്നി മെഡിക്കൽ കോളജ് മാറും.
ചെലവിടുന്നത് : 218 കോടി
സംസ്ഥാന സർക്കാർ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലാണ് 3 മാസത്തിനുള്ളിൽ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കാൻ സഹായകമായത്. രാജ്യത്തെ മുൻനിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി കോന്നി മെഡിക്കൽ കോളേജിനെ മാറ്റുകയാണ് ലക്ഷ്യം.
കെ.യു.ജനീഷ് കുമാർ എം.എൽ.എ