പത്തനംതിട്ട: സാന്ത്വന സ്പർശം അദാലത്തിന് ജില്ലയിൽ തുടക്കമായി. ഉദ്ഘാടകനായ മന്ത്രി എ.സി. മൊയതീന് ആദ്യ പരാതി ചടങ്ങിൽ അദ്ധ്യക്ഷയായ വീണാ ജോർജ് എം.എൽ.എ കൈമാറി. ആറന്മുള നിയോജക മണ്ഡലത്തിൽ ആറന്മുള, കിടങ്ങന്നൂർ, വില്ലേജുകളിലെ നിരവധി ജനങ്ങളുടെ കരമടച്ച രസീതുകളിൽ പുരയിടത്തിന് പകരമായി തോട്ടം എന്ന് രേഖപ്പെടുത്തിപ്പോകുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എം.എൽ.എ നൽകിയത്. രേഖകളിൽ അപാകത ഉള്ളതിനാൽ ധാരാളം ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സ്ഥല ഉടമകൾക്ക് വീട് വയ്ക്കുന്നതിനോ വസ്തു സംബന്ധമായ ആവശ്യങ്ങൾ സാധിക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ്. കരമടച്ച രസീതുകളിൽ 2018 മുതൽ പുരയിടത്തിനു പകരമായി തോട്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഞ്ചു വർഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു ഈ സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ അദാലത്തുകൾ നടത്തുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി വി. വേണുഗോപാൽ, ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി ടി.എൽ.റെഡ്ഡി, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, എ.ഡി.എം ഇ.മുഹമ്മദ് സഫീർ, അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി, അടൂർ ആർ.ഡി.ഒ എസ്. ഹരികുമാർ, ഡെപ്യുട്ടി കളക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ കോഴഞ്ചേരി താലൂക്കിലെയും ഉച്ചയ്ക്ക് ശേഷം അടൂർ താലൂക്കിലെയും അപേക്ഷകരുടെ പരാതികളാണ് സ്വീകരിച്ചത്.