
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങൾ ആരോപണ വിധേയരെന്നും സമിതിയുടെ പ്രവർത്തനങ്ങളെ അത് ബാധിച്ചതായും സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി. പ്രവർത്തനങ്ങളിലെ അപാകതകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ജില്ലാ കളക്ടർ നരസിംഹുഗാരി റെഡ്ഡിയോട് ആവശ്യപ്പെട്ടു. അംഗങ്ങൾ തമ്മിൽ ചേരിപ്പോര്, കുട്ടികളുടെ ക്ഷേമത്തിന് പകരം കുട്ടികൾ ഇരയാകുന്ന കേസുകളിൽ പ്രതിഭാഗത്തിനൊപ്പം ചേരുന്നു, ഹാജർ നിലയിൽ കൃത്രിമം കാട്ടി സിറ്റിംഗ് ഫീസ് അടിച്ചെടുക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണുള്ളത്. സമിതിക്കെതിരെ വകുപ്പുമന്ത്രിക്കും നിരവധി പരാതികൾ ലഭിച്ചു.
അഞ്ച് അംഗങ്ങൾ വേണ്ടുന്ന സമിതിയിൽ നിലവിൽ മൂന്ന് അംഗങ്ങളാണുള്ളത്. ഇവരിൽ രണ്ടു പേർ ഭരണാനുകൂല സംഘടനയിൽ പെട്ടവരായതിനാൽ തീരുമാനങ്ങളിൽ രാഷ്ട്രീയ അതിപ്രസരം കടന്നുകൂടുന്നതായും ആരോപണമുണ്ട്. ഏക പ്രതിപക്ഷ അംഗം പരാതികളുമായി രംഗത്തു വന്നതോടെയാണ് ചേരിപ്പോര് കനത്തത്.
ശിശുക്ഷേമ സമിതി ചെയർമാനായിരുന്ന അഡ്വ.സക്കീർ ഹുസൈനും അംഗം എ.സുരേഷ് കുമാറും നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാജിവച്ചിരുന്നു. നിലവിൽ ചെയർമാൻ ഇല്ല. എന്നാൽ, ഭരണകക്ഷിയിൽ പെട്ട വനിത ചെയർപേഴ്സണിന്റെ ചുമതല വഹിക്കുന്നുണ്ട്. ഇങ്ങനെ ചുമതല ഏറ്റെടുക്കാൻ നിയമം അനുവദിക്കുന്നില്ലന്ന് പ്രതിപക്ഷ അംഗം ചൂണ്ടിക്കാട്ടി.
പ്രതികൾക്കൊപ്പമെന്ന് പരാതി
കുട്ടികൾ പീഡനത്തിന് ഇരയാകുന്ന കേസുകളിൽ ശിശുക്ഷേമ സമിതി പ്രതിഭാഗത്തിനൊപ്പം ചേരുന്നതായി പരാതികളുണ്ട്. കേസുകളിൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ സമിതി അംഗങ്ങൾ ചോർത്തി പ്രതിക്കും അഭിഭാഷകനും നൽകിയെന്ന് പന്തളം സ്വദേശിയായ ഒരു വീട്ടമ്മ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മരുമകൾ പ്രതിയായ കേസിൽ മകന്റെ കുട്ടികളെ സംരക്ഷിക്കാതെ അവരെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയാൻ സമിതി അംഗങ്ങൾ പ്രേരിപ്പിച്ചു. മരുമകൾക്കൊപ്പം പോകാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്തു.
മറ്റൊരു കേസിൽ വിവാഹ മോചനത്തിന് കുടുംബകോടതിയിൽ പരാതി നൽകിയ യുവതിക്കൊപ്പം പോകാൻ കുട്ടികളെ നിർബന്ധിച്ചു. ഇൗ കേസിൽ തനിക്കെതിരെ കള്ളമൊഴി പറയാൻ കുട്ടികളെ ശിശുക്ഷേമ സമിതി അംഗങ്ങൾ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിതാവ് മന്ത്രിക്ക് പരാതി നൽകി. പോക്സോ കേസിൽ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട അന്വേഷണ റിപ്പോർട്ട് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ഒാഫീസിന് പുറത്തു കൊണ്ടുപോയത് അടുത്തിടെ വിവാദമായിരുന്നു.
സിറ്റിംഗ് ഇല്ലാതെ സിറ്റിംഗ് ഫീസ് വാങ്ങുന്നു
വിവിധ കേസുകളിൽ സിറ്റിംഗ് നടത്താതെ ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം സിറ്റിംഗ് ഫീസ് കൈക്കലാക്കൻ ശ്രമം നടന്നതായും ആക്ഷേപമുണ്ട്. ഒാഫീസ് അവധിയായിരുന്ന ജനുവരി 26നും ഹാജർ ബുക്കിൽ ഒപ്പിട്ടതായി കാണുന്നു. ഒരംഗം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സിറ്റിംഗിൽ പങ്കെടുക്കണം. ഇതിന് 1500 രൂപയാണ് നൽകുന്നത്. എന്നാൽ, മൂന്ന് മണിക്കൂറിൽ താഴെയും ചിലപ്പോൾ ഒാൺലൈനായും സിറ്റിംഗ് നടത്തിയ ശേഷം ഫീസ് വാങ്ങുന്നുവെന്ന് ആക്ഷേപമുണ്ട്.
പ്രവർത്തനങ്ങളെ ബാധിച്ചെന്ന് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി,
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം
''ശിശുക്ഷേമ സമിതിയിൽ ഒരാൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണുള്ളത്. മന്ത്രിക്ക് പരാതികൾ നൽകിയതിനെപ്പറ്റി അറിയില്ല.
എസ്. ദീപ (ചെയർപേഴ്സണിന്റെ
താൽക്കാലിക ചുമതല)