അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ മികച്ച നിലയിലുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ട്രോമാകെയർ യൂണിറ്റിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ ആധികാരത്തിൽ എത്തിയ ആരംഭിച്ച 'ആർദ്രം' പുതുചരിത്രം രചിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളുടെ വരെ മുഖച്ഛായ മാറ്റിയെടുക്കാൻ കഴിഞ്ഞു. കൊവിഡിനെതിരെ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തന ഫലമായി നമുക്ക് വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചു. ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ ഡി.സജി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശ്രീനാദേവി കുഞ്ഞമ്മ, സി.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ അനിൽ, അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മകുറുപ്പ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ബി ഹർഷകുമാർ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ടി.ഡി ബൈജു, ഡോ.വർഗീസ് പേരയിൽ, അടൂർ നരേന്ദ്രൻ, മുണ്ടയ്ക്കൽ ശ്രീകുമാർ, ജയൻ അടൂർ, ടി.മുരുകേഷ്, നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി പാണ്ടിക്കുടി, ബീന ബാബു, സിന്ധു തുളസീധരക്കുറുപ്പ്, എം.അലാവുദ്ദീൻ,ആശുപത്രി സൂപ്രണ്ടിംഗ് ഇൻ ചാർജ് ഡോ.മനോജ്, ഹെൽത്ത് ഡയറക്ടർ ഡോ.സരിത ആർ. എൽ തുടങ്ങിയവർ സംസാരിച്ചു.അടൂർ ജനറൽ ആശുപത്രിയിൽ അഞ്ച് കോടി 85 ലക്ഷം രൂപ ചിലവഴിച്ചാണ് സി.റ്റി സ്കാനും ഐ.സി. യു ആംബുലൻസ് ഉൾപ്പടെ പുതിയ ട്രോമോ കെയർ സെന്റർ ആരംഭിച്ചത്. ട്രോമാ കെയർ യൂണിറ്റിൽ ചെറിയ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, നിരീക്ഷണവാർഡ്, വെൻ്റിലേറ്റർ,ലാബ്,ഓക്സിജൻ പ്ലാൻ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ട്.