ചെങ്ങന്നൂർ: സംസ്ഥാനത്തിന് ആവശ്യമായ മുഴുവൻ കോഴിക്കുഞ്ഞുങ്ങളെയും ഉത്പാദിപ്പിക്കുന്ന കേന്ദ്രമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയെ മാറ്റുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിർമാണം പൂർത്തീകരിച്ച രണ്ടുനില ബ്രീഡർ ഷെഡ്, വിശ്രമ മുറി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏഷ്യയിലെ ഏറ്റവും വലിയ കോഴിക്കുഞ്ഞ്, കോഴി മുട്ട ഉൽപാദന കേന്ദ്രമായിരുന്ന ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ പ്രതാപം വീണ്ടെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഹാച്ചറിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വിതരണം ചെയ്യാൻ കോഴിക്കുഞ്ഞുങ്ങളെ കിട്ടാറില്ലെന്ന സാഹചര്യത്തിന് മാറ്റമുണ്ടാവണം. പാലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയതുപോലെ കോഴിക്കുഞ്ഞുങ്ങൾ, കോഴി മുട്ട, കോഴി ഇറച്ചി എന്നിവയിലും സ്വയം പര്യാപ്തത നേടണമെന്നും ഇതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം വത്സല മോഹൻ, പുലിയൂർ പഞ്ചായത്തംഗം രതി സുഭാഷ്, മൃഗ സംരക്ഷണ ഡയറക്ടർ ദിലീപ് കെ.എം, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ നസിം വി.ഐ., തുടങ്ങിയവർ പങ്കെടുത്തു.