മല്ലപ്പള്ളി: വെണ്ണിക്കുളം അമ്പാട്ടുഭാഗം പോരിട്ടിക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് കൊടിയേറി. ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പൂർവാചാര വിധിപ്രകാരമുള്ള അനുഷ്ഠാന ചടങ്ങുകൾക്ക് ലോപം വരുത്താതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവകം, ശ്രീഭൂതബലി, ഉത്സവബലി, തിരുമുമ്പിൽ പറ എന്നീ കർമ്മങ്ങളോടെ നടത്തും. ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ഭാഗവത സപ്താഹയജ്ഞം പത്ത് ദിവസവും. മാവേലിക്കര എസ്.ജയന്റെ കാർമ്മികത്വത്തിൽ ഭാഗവത പാരായണവും, 24ന് പള്ളിവേട്ട 25ന് ആറാട്ട് വരവോടെ ഉത്സവം സമാപിക്കുമെന്ന് പ്രസിഡന്റ് സി.രാജേഷും, സെക്രട്ടറി കെ.യു. പ്രശാന്തും അറിയിച്ചു.