maramon
മാരാമൺ​ കൺ​വെൻഷനി​ൽ റൈറ്റ് റവ. ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് പ്രസംഗിക്കുന്നു

മാരാമൺ: സാമൂഹിക നീതി നിഷേധിക്കുന്നതിന് തുല്യമാണ് ഇന്ത്യയിലെ ജാതി വ്യവസ്ഥയെന്ന് റവ.ഡോ.ജോർജ് റോജർ ഗേയ്ക്ക് വാദ് പറഞ്ഞു . മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായിക്കൊണ്ടിരിക്കുന്ന ജാതിയത സമൂഹത്തെ ആശങ്കപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയുമാണ്. ദൈവനീതിക്കു വേണ്ടിയുള്ള പ്രയാണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. അസ്വാരസ്വങ്ങളും വേദനകളും പരസ്പരം പങ്കിട്ട് സമവായം തേടി പരസ്പരമുള്ള ഐക്യം രൂപപ്പെടേണ്ട കാലമാണിത്. സ്‌നേഹം പങ്കിടുന്നതു വഴി വലിയ സാഹോദര്യ സമൂഹം വളർത്തിയെടുക്കാൻ നമുക്കു കഴിയണം. ജീവിത വിജയം അവിടെയാണ് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യബോധം ഉപേക്ഷിച്ച് വ്യക്തിതാല്പര്യത്തെ സ്വീകരിച്ചതുകൊണ്ടാണ് ലോകം കോർപ്പറേറ്റുകളുടെ കൈപ്പാടിലാകുന്നത്. വിശ്വാസത്തിൽ പോലും സ്വാർത്ഥത നിറഞ്ഞതാണ് ലോകം നേരിടുന്ന മഹാവിപത്തിന് കാരണം.
ലോകം ഇന്നു നേരിടുന്ന മഹാമാരി അന്യവൽക്കരണ പ്രത്യയശാസ്ത്രം നടപ്പിലാക്കാനുള്ള ശ്രമം മൂലമാണ്. വെട്ടിപ്പിടുത്തവും കൈയടക്കലുമല്ല പകരം എല്ലാവർക്കും ഒരുപോലെ നീതി ലഭിക്കുന്ന തത്വശാസ്ത്രമാണ് വേദപുസ്തകം പകർന്നു തരുന്നത്.വ്യക്തികൾ തമ്മിലും സമൂഹങ്ങൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലുമുള്ള പകയും വിദ്വേഷവുമാണ് ഇന്നത്തെ മുഖമദ്ര. ഇത് മാറണം. വീഴുന്നവനെ പിടിച്ചുയർത്താൻ കഴിയാത്തവരെ മനുഷ്യരെന്ന് എങ്ങനെ പറയും. തുല്യതയുടെ സമൂഹമാണ് വേണ്ടത്. ഏകാന്തത ആപത്ക്കരമാണ്. ആഗോളവൽക്കരണം അഴിമതിയും കുറ്റകൃത്യങ്ങളും പെരുകാനാണ് ഇടയാക്കിയത്. വിനയവും, സഹകരണവും കരുതലുമായിരിക്കണം ക്രൈസ്തവന്റെ മുഖമുദ്രയെന്നും റവ.ഡോ.ഗേയ്ക്ക് വാദ് ഓർമ്മിപ്പിച്ചു. ഡോ. ഐസക് മാർ പീലക്‌സിനോസ് അദ്ധ്യക്ഷത വഹിച്ചു.റവ.മോത്തി വർക്കി ഭാഷാന്തരം നിർവഹിച്ചു. സുവിശേഷ പ്രസംഗ സംഘം സെക്രട്ടറി റവ.ജോർജ്ജ് ഏബ്രഹാം കൊറ്റനാട് സംസാരിച്ചു.


മാരാമണ്ണിൽ ഇന്ന്

രാവിലെ 7.30 ന് ബൈബിൾ ക്ലാസ് : റവ.ഡോ.റോജർ ഗേയ്ക്ക് വാദ്.
9.30 ന് എക്യുമെനിക്കൽ സമ്മേളനം. മുഖ്യപ്രഭാഷണം: ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. അദ്ധ്യക്ഷൻ : ഡോ.തിയഡോഷ്യസ് മാത്തോമ്മാ മെത്രാപ്പൊലീത്ത.
വൈകിട്ട് 5ന് സമ്മേളനം: മുഖ്യപ്രഭാഷണം ബിഷപ്പ് റോയിസ് മനോജ് വിക്ടർ .