പത്തനംതിട്ട : സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി ജില്ലയിൽ രണ്ടാംദിനം രണ്ടു താലൂക്കുകൾക്കായി നടത്തിയ അദാലത്തിൽ 2409 പരാതികൾ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്‌തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. റാന്നി, കോന്നി താലൂക്കുകളിൽ നിന്നുള്ളവർക്കായി മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോന്നി താലൂക്കിൽ നിന്ന് 1392 പരാതികളും റാന്നി താലൂക്കിൽ നിന്ന് 1017 പരാതികളുമാണു ലഭിച്ചത്. അദാലത്ത് ദിനത്തിൽ കോന്നിയിൽ നിന്ന് 458 പുതിയ പരാതികളും റാന്നിയിൽ നിന്ന് 248 പരാതികളുമാണു ലഭിച്ചത്. റാന്നി താലൂക്കിലെ ആറ് പട്ടയങ്ങളും, റാന്നി, കോന്നി താലൂക്കുകളിലായി 97 റേഷൻ കാർഡുകളും വിതരണം ചെയ്തു. കോന്നി താലൂക്കിൽ 205 പുതിയ ബി.പി.എൽ റേഷൻ കാർഡിനുള്ള അപേക്ഷകളും റാന്നിയിൽ നിന്ന് 30 അപേക്ഷകളും പുതിയതായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി.
മന്ത്രി എ.സി മൊയ്തീനെ കൂടാതെ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രനും അദാലത്തിന് നേതൃത്വം നൽകി.
ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ പരാതി പരിഹാര അദാലത്ത് നാളെ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ തിരുവല്ല താലൂക്കിൽ നിന്നുള്ളവർക്കും ഉച്ചയ്ക്ക് ശേഷം മല്ലപ്പള്ളി താലൂക്കിലുള്ളവർക്കും പങ്കെടുക്കാം.
കാട്ടാത്തി കോളനിയിൽ വെള്ളമെത്തും
പത്തനംതിട്ട: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം ജോയി സാന്ത്വന സ്പർശം അദാലത്തിലെത്തിയത് കാട്ടാത്തി ഗിരിജൻ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായാണ്. തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എ.സി മൊയ്തീനോട് തന്റെ പഞ്ചായത്തിൻ കീഴിലുള്ള 50ൽ അധികം ആളുകൾ 29 കുടുംബങ്ങളിലായി താമസിക്കുന്ന കാട്ടാത്തി കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഊരുമൂപ്പൻ മോഹൻദാസിന്റെ അപേക്ഷയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നേരിട്ട് കൈമാറിയത്. രാജു എബ്രഹാം എം.എൽ.എ മന്ത്രിയോടു കാട്ടാത്തി കോളനി നിവാസികളുടെ ദുരിതം വിശദീകരിച്ചു.
കോളനിയിലെ കുടുംബങ്ങൾ ഒരുദിവസം 300 രൂപയുടെ കുടിവെള്ളം ഇപ്പോൾ വിലകൊടുത്തു വാങ്ങിയാണ് ഉപയോഗിക്കുന്നത്. കോളനിക്ക് രണ്ട് കിലോമീറ്റർ മാറിയുള്ള വറ്റാത്ത തോട്ടിൽ നിന്ന് കിണർകുഴിച്ച് വെള്ളം സംഭരിച്ച് കോളനിയിലേക്ക് പമ്പ് ചെയ്യാനുള്ള സാധ്യതകളാണ് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗമായ വി.കെ രഘുവും മുന്നോട്ടുവച്ചത്. ജില്ലാ പഞ്ചായത്തിന്റെ ടി.എസ്.പി ഫണ്ടുപയോഗിച്ച് അടിയന്തരമായി പ്രവർത്തികൾ തുടങ്ങാൻ മന്ത്രി നിർദേശം നൽകി.
ജപ്തി ഭീതി വിട്ടകന്നു, സബിത ആശ്വാസത്തോടെ മടങ്ങി
പത്തനംതിട്ട: സാന്ത്വന സ്പർശം റാന്നി താലൂക്ക് അദാലത്തിൽ സബിത എസ്. നായർ തന്റെ ആകെയുള്ള ഭൂമി ജപ്തിയാകുമെന്ന ഭീതിയിലാണു പങ്കെടുക്കാനെത്തിയത്. ജില്ലാ ബാങ്കിന്റെ ഓമല്ലൂർ ശാഖയിൽനിന്ന് നാലേമുക്കാൽ ലക്ഷം രൂപയാണ് സബിത വസ്തു ഈടിൻമേൽ ലോൺ എടുത്തത്. ഇതാണ് പലിശയും കൂട്ടുപലിശയും അടക്കം ജപ്തി നടപടികളിലേക്ക് എത്തിയത്. സബിത തന്റെ ജീവിത സാഹചര്യങ്ങൾ
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീനെ അറിയിച്ചു. 12 വയസുള്ള മകളും വൃദ്ധരായ മാതാപിതാക്കളുടെ ചുമതലയും ദിവസവേതനക്കാരിയായ സബിതയുടെ ചുമലിലാണ്.
ജപ്തി നടപടികൾ നിറുത്തിവയ്ക്കാൻ മന്ത്രി നിർദേശം നൽകിയതിനൊപ്പം തവണകൾ നീട്ടി നൽകാനും പരമാവധി ഇളവുകൾ നൽകാനും അദാലത്തിൽ തീരുമാനമായി. മൂന്നു വർഷമായി തുകയടക്കാത്തതിനാൽ പലിശയും കൂട്ടുപലിശയും ആയി അവസാനം ജപ്തി നടപടികളിലേക്ക് ബാങ്ക് നീങ്ങുന്ന സമയത്താണു സബിത സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുക്കാനെത്തിയത്.
ഹന്നയ്ക്ക് ഇനി ചോരാത്ത കൂരയിൽ അന്തിയുറങ്ങാം
പത്തനംതിട്ട: മൺകട്ടകൊണ്ട് നിർമ്മിച്ച പൊട്ടിപൊളിഞ്ഞ വീടിനു പകരം ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം എന്ന സന്തോഷത്തിലാണ് ഹന്ന ഫാത്തിമ. ബാപ്പ നജീബും ഉമ്മ റംമ്‌ലയും മൂന്നു വയസുകാരി അനുജത്തിയും അടങ്ങുന്നതാണ് കോന്നി മങ്ങാരം പടിഞ്ഞാറ്റിൻകര ഹന്നയുടെ കുടുംബം.
ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയാണ് 12 വയസുകാരി ഹന്ന ഫാത്തിമ. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത ഹന്നയ്ക്ക് ഇടുങ്ങിയ മുറിയുടെ ഇത്തിരി വെളിച്ചത്തിൽ നിന്ന് ലൈഫ് മിഷനിലൂടെ ആശ്വാസത്തിന്റെ കിരണങ്ങൾ നിറഞ്ഞ പുതിയ വീട്ടിലേക്ക് അധികം താമസിയാതെ മാറാൻ സാധിക്കും എന്ന ഉറപ്പാണ് അദാലത്തിൽ നിന്ന് ലഭിച്ചത്. ഹന്നയുടെ ചികിത്സക്കായി 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.